ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു


ഹേഗ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി). നെതന്യാഹുവിന് പുറമെ ഇസ്രായേല്‍ മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി യോവ് ഗാലന്റ്, മുതിര്‍ന്ന ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവര്‍ക്കെതിരേയും ഐ സി സി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയുടെ അധികാരപരിധിക്കെതിക്കെതിരായ ഇസ്രയേലിന്റെ അവകാശവാദം ഐ സി സിയുടെ പ്രീ-ട്രയല്‍ ചേംബര്‍ നിരസിച്ചതായും ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ വാറണ്ട് പുറപ്പെടുവിക്കുന്നതായും ഐ സി സി പ്രസ്താവനയിലൂടെ അറിയിച്ചു.

ജൂലൈയില്‍ ഗാസയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്ന ഹമാസ് നേതാവാണ് മുഹമ്മദ് ദെയ്ഫ്. വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇത് നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഐ സി സി യുടെ 124 അംഗരാജ്യങ്ങളാണ്. ഇസ്രയേലോ അവരുടെ സഖ്യകക്ഷിയായ അമേരിക്കയോ ഇതില്‍ ഉള്‍പ്പെടുന്നില്ല.

മെയ് മാസത്തില്‍ ഐ സി സി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ നെതന്യാഹു, ഗാലന്റ്, ഡെയ്ഫ് എന്നിവരും കൊല്ലപ്പെട്ട മറ്റ് രണ്ട് ഹമാസ് നേതാക്കളായ ഇസ്മായില്‍ ഹനിയേയ്ക്കും യഹ്യ സിന്‍വാറിനുമെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദെയ്ഫ് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ഐ സി സി ചേംബര്‍ വ്യക്തമാക്കിയത്.