വാഷിംഗ്ടണ്‍ : ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനി ഉടമയും ശതകോടീശ്വരനുമായ ഹൊവാര്‍ഡ് ലട്നിക് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യവസായ സെക്രട്ടറിയാകുമെന്ന് സൂചന. രാജ്യത്തിന്റെ നികുതി വാണിജ്യ അജണ്ടകള്‍ ഇനി ലട്നിക് നിശ്ചയിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കി.
വ്യവസായ വകുപ്പിന് പുറമെ നികുതി വകുപ്പ് കൂടി ഇദ്ദേഹത്തിനായിരിക്കുമെന്നാണ് ട്രംപിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ രണ്ട് വകുപ്പുകള്‍ ഒരേ വ്യക്തിക്ക് നല്‍കുന്നത് അപൂര്‍വമാണ്. അമേരിക്കന്‍ ഭരണം മുമ്പില്ലാത്ത വിധം കാര്യക്ഷമമാക്കുവാന്‍ അദ്ദേഹത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു.
കന്റോര്‍ ഫിറ്റ്‌സ് ജെറാള്‍ഡ് എന്ന സ്ഥാപനത്തില്‍ 1983ലാണ് ലട്നിക് ചേരുന്നത്. വാള്‍ സ്ട്രീറ്റില്‍ മുപ്പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനമാണിത്. അവിടെ സാധാരണ ഉദ്യോഗസ്ഥനായി തുടങ്ങിയ ലട്നിക് പടിപടിയായി ഉയര്‍ന്ന് 29-ാം വയസില്‍ കമ്പനിയുടെ സിഇഒ ആയി മാറി.
2001 സെപ്റ്റംബര്‍ 11ലെ അമേരിക്കന്‍ ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കമ്പനി ജീവനക്കാരെ വെട്ടിച്ചുരുക്കി. ന്യൂയോര്‍ക്കിലെ 950 ജീവനക്കാരില്‍ 658 പേരെയും പിരിച്ചുവിട്ടു. ലട്നികിന്റെ സഹോദരനടക്കമുള്ളവര്‍ക്ക് തൊഴില്‍ നഷ്ടമായി. കമ്പനിയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കാന്‍ ലട്നിക് ഒഴുക്കിയ വിയര്‍പ്പ് ചില്ലറയല്ല. ലട്നികും കാന്റോര്‍ ഫിറ്റ്‌സ് ജെറാള്‍ഡ് റിലീഫ് ഫണ്ടും ചേര്‍ന്ന് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ ഇരകള്‍ക്ക് 1800 ലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായം നല്‍കിയിരുന്നു. ലോകമെമ്പാടും ഭീകരത, പ്രകൃതി ദുരന്തം, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ എന്നിവ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് അദ്ദേഹം 1000 ലക്ഷം ഡോളറും സഹായമെത്തിച്ചു.
നിലവില്‍ സെപ്റ്റംബര്‍ 11 ദേശീയ മ്യൂസിയത്തിന്റെയും വെയ്ല്‍ കോണെല്‍ മെഡിസിന്റെയും ഡയറക്ടര്‍ ബോര്‍ഡംഗമാണ്. 2001ല്‍ ഫിനാന്‍ഷ്യല്‍ ടൈംസ് അദ്ദേഹത്തെ പേഴ്സണ്‍ ഓഫ് ഇയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2010ല്‍ അമേരിക്കയിലെ യുവ സംരംഭകര്‍ക്കുള്ള പുരസ്‌കാരവും നേടി. സൈനികരല്ലാത്തവര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ നാവിക സേനയുടെ പൊതുസേവന പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ശതകോടീശ്വരന്‍ ഹൊവാര്‍ഡ് ലട്നിക് ട്രംപിന്റെ വ്യവസായ സെക്രട്ടറിയാകും