നാലു പതിറ്റാണ്ടിന് ശേഷം ഇറാഖില്‍ ദേശീയ സെന്‍സസ് നടപ്പിലാക്കുന്നു

നാലു പതിറ്റാണ്ടിന് ശേഷം ഇറാഖില്‍ ദേശീയ സെന്‍സസ് നടപ്പിലാക്കുന്നു


ബഗ്ദാദ്: ഏകദേശം 40 വര്‍ഷത്തിന് ശേഷം ഇറാഖില്‍ ദേശീയ സെന്‍സസ് നടത്തുന്നു. സദ്ദാം ഹുസൈന്‍ അധികാരത്തിലുണ്ടായിരുന്ന 1987ന് ശേഷം ജനസംഖ്യാപരമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള ആദ്യ ശ്രമമാണ് ഇറാഖ് രാജ്യവ്യാപകമായി നടത്തുന്നത്.

ആഭ്യന്തര മന്ത്രാലയം രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചാണ് സെന്‍സസിനുള്ള വിപുലമായ തയ്യാറെടുപ്പും പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാജ്യത്തെ 18 ഗവര്‍ണറേറ്റുകളിലെയും വീടുകളില്‍ 120,000 ഗവേഷകര്‍ ഡേറ്റ ശേഖരിക്കും.

യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (യു എന്‍ എഫ് പി എ) ഉപയോഗിച്ച് നടത്തിയ സെന്‍സസ് 'ഇറാഖിന്റെ യാഥാര്‍ഥ്യം അതിന്റെ ചെറിയ വിശദാംശങ്ങളില്‍' വെളിപ്പെടുത്തുമെന്ന് ആസൂത്രണ മന്ത്രാലയ വക്താവ് അബ്ദുല്‍-സഹ്റ അല്‍-ഹിന്ദാവി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഭവനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യത്തിന്റെ അവസ്ഥ കൃത്യമായി കണ്ടെത്താന്‍ സെന്‍സസ് അധികാരികളെ പ്രാപ്തരാക്കും.

സംഘര്‍ഷങ്ങളും ഉപരോധങ്ങളും സദ്ദാം ഹുസൈനെ താഴെയിറക്കിയ 2003ലെ യു എസ് അധിനിവേശവും വിഭാഗീയ പോരാട്ടങ്ങളും ഐസിസിന്റെ ആവിര്‍ഭാവവുമെല്ലാം ഇറാഖിനെ തകര്‍ത്തിരുന്നു. 

വ്യത്യസ്തമായ കണക്കുകള്‍ ശേഖരിക്കുന്നതിലൂടെ 

രാജ്യത്തിന്റെ വിഭവ വിതരണം, ബജറ്റ് വിഹിതം, വികസന ആസൂത്രണം എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എന്നാല്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് ചില പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്.  ബാഗ്ദാദിനും ഇറാഖി കുര്‍ദിസ്ഥാനുമിടയില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ട്. കുര്‍ദിഷ് ജനസംഖ്യയില്‍ കുറവാണ് രേഖപ്പെടുത്തുന്നതെങ്കില്‍  ഗ്രൂപ്പിന്റെ രാഷ്ട്രീയ സ്വാധീനവും രാജ്യത്തിന്റെ വിഭാഗീയ അധികാരം പങ്കിടല്‍ സമ്പ്രദായത്തിലെ സാമ്പത്തിക അവകാശങ്ങളും കുറയ്ക്കുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ട്. 

ബാഗ്ദാദിലെ കേന്ദ്ര സര്‍ക്കാരും ഉത്തര പ്രദേശത്തെ അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദിഷ് പ്രാദേശിക സര്‍ക്കാരും തമ്മില്‍ നിയന്ത്രണം തര്‍ക്കമുള്ള കിര്‍കുക്ക്, ദിയാല, മൊസൂള്‍ തുടങ്ങിയ പ്രദേശങ്ങളിലെ കണക്ക് തീവ്രപരിശോധനയ്ക്ക് വിധേയമാകും. 

കുര്‍ദുകള്‍, അറബികള്‍, തുര്‍ക്ക്മെന്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ എല്ലാ വംശീയ വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടേയും തര്‍ക്ക പ്രദേശങ്ങളില്‍ സെന്‍സസ് നടത്തുമെന്ന് ആസൂത്രണ മന്ത്രാലയത്തിലെ സെന്‍സസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ഏരിയന്‍ സാലിഹ് പറഞ്ഞു.

ദേശീയ ബജറ്റിന്റെ കുര്‍ദിഷ് മേഖലയുടെ നിലവിലുള്ള 12 ശതമാനം വിഹിതം ആറ് ദശലക്ഷം ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സാലിഹ് പറഞ്ഞു. ഇറാഖിന്റെ ആകെ ജനസംഖ്യ 44.5 ദശലക്ഷമാണെന്ന് അദ്ദേഹം കണക്കാക്കുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന സെന്‍സസില്‍ മതം ഉള്‍പ്പെടുന്നുവെങ്കിലും സുന്നി, ഷിയ മുസ്‌ലിംകള്‍ പോലുള്ള വിഭാഗങ്ങളെ വേര്‍തിരിക്കുന്നില്ല. മുമ്പത്തെ കണക്കുകളില്‍ നിന്ന് വ്യത്യസ്തമായി, വംശീയതയെ ഒഴിവാക്കുന്നുണ്ട്.

ലക്ഷക്കണക്കിന് ക്രിസ്ത്യാനികളുടെയും ഐസിസ് നടത്തിയ അതിക്രമങ്ങളാല്‍ സിന്‍ജാറില്‍ നിന്ന് കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് യസീദി കുടുംബങ്ങളുടെയും നാടുകടത്തലിനൊപ്പം ജനസംഖ്യാശാസ്ത്രം മാറാന്‍ സാധ്യതയുണ്ട്.

1987-ലാണ് ഇറാഖിലെ അവസാനത്തെ ദേശീയ സെന്‍സസ് നടന്നത്. 1997-ല്‍ നടന്ന മറ്റൊന്നില്‍ അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദിസ്ഥാന്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന മൂന്ന് വടക്കന്‍ പ്രവിശ്യകളെ ഒഴിവാക്കിയിരുന്നു.