യു എസ് സര്‍വകലാശാലകളിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഹപാഠി

യു എസ് സര്‍വകലാശാലകളിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഹപാഠി


വാഷിംഗ്ടണ്‍: യു എസ് സര്‍വകലാശാലകളിലേക്ക് ബിരുദാനന്തര ബിരുദത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തെ കുറിച്ച് ആശങ്ക പ്രകടമാക്കി റെഡ്ഡിറ്റ് ഉപയോക്താവ്. അമേരിക്കന്‍ ജോലികളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തൊഴില്‍ വിപണിയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു. ബിരുദാനന്തര ബിരുദത്തിന് ശേഷം വിദ്യാര്‍ഥികളില്‍ പലര്‍ക്കും യു എസില്‍ ജോലി കിട്ടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുന്നുവെന്നും അവര്‍ എഴുതി. 

യു എസ് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന 26കാരിയായ യുവതി തന്റെ തൊഴില്‍ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദം പഠിക്കാനെത്തിയത്. എന്നാല്‍ തന്റെ പ്രോഗ്രാമിലെ വിദ്യാര്‍ഥികളില്‍ 99 ശതമാനവും ഇന്ത്യക്കാരാണെന്ന് കണ്ടെത്തിയപ്പോള്‍ അവര്‍ ആശ്ചര്യപ്പെടുകയായിരുന്നു. കാരണം ആ സ്ഥാപനം ഏറ്റവും ഉന്നതമായ നിലവാരത്തില്‍ അറിയപ്പെടുന്നതുമായിരുന്നില്ല. 

അസാധാരണമായ സംഗതിയാണിതെന്ന് തിരിച്ചറിഞ്ഞ അവര്‍ അതേക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോഴാണ് ആശ്ചര്യപ്പെട്ടത്. 

പല വിദ്യാര്‍ഥികളും അമേരിക്കന്‍ ബിരുദത്തെ തൊഴില്‍ വിസയ്ക്കും യു എസിലെ തൊഴില്‍ സുരക്ഷയ്ക്കുമുള്ള ഉപാധിയായാണ് കാണുന്നതെന്ന് അവര്‍ സംഭാഷണങ്ങളിലൂടെ മനസ്സിലാക്കി. എന്നാല്‍ മത്സരാധിഷ്ഠിത വിപണിയില്‍ അവരുടെ സാധ്യതകളെക്കുറിച്ച് അവര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. 

അവരുടെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് ഈ വിദ്യാര്‍ഥികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു. അവര്‍ കടക്കെണിയിലാകുന്നുവെന്നും പ്രൊഫസര്‍മാര്‍ പോലും നല്ലവരല്ലെന്നും അവര്‍ക്ക് ഒരുപക്ഷേ യു എസില്‍ ജോലി ലഭിക്കില്ലെന്നും യുവതി അഭിപ്രായപ്പെട്ടു. അനിശ്ചിതമായ വരുമാനമ പ്രതീക്ഷിച്ചുള്ള ചെലവേറിയ നിക്ഷേപമെന്നാണ് അവരതിനെ വിശേഷിപ്പിച്ചത്. 

ഇന്ത്യന്‍ വിദ്യാര്‍ഥികളോട് തനിക്ക് സഹതാപവും വിഷമവും തോന്നുന്നുവെന്നും മുന്നിലുള്ള തടസ്സങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാനാവുന്നില്ലെന്നും അവര്‍ പറഞ്ഞു. 

റെഡ്ഡിറ്റ് ഉപയോക്താവ് ക്ലാസ്‌റൂമിലെ സാംസ്‌കാരിക സംഘട്ടനങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു. ചില അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികള്‍ പ്രകടിപ്പിക്കുന്ന ക്ലാസ്‌റൂം മര്യാദകള്‍ സാധാരണ അമേരിക്കന്‍ ക്രമീകരണത്തില്‍ സഹിക്കാനാകുന്നതല്ലെന്നും അവര്‍ പറഞ്ഞു. 

പ്രൊഫസര്‍ ഉണ്ടായിരിക്കുമ്പോഴും അവര്‍ ഉച്ചത്തില്‍ സംസാരിക്കുന്നുവെന്നും ഇത് ഒരു അമേരിക്കന്‍ ക്ലാസ്‌റൂമില്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത അക്കാദമിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ വെല്ലുവിളികളുണ്ടെന്നും അവര്‍ അടിവരയിടുന്നു.

പല അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികള്‍ക്കും അമേരിക്കന്‍ സ്വപ്‌നം ശക്തമായ പ്രചോദനമാണ്. എങ്കിലും റെഡ്ഡിറ്റ് ഉപയോക്താവ് സൂചിപ്പിക്കുന്നത് പോലെ തൊഴില്‍ വിപണിയിലെ സാധ്യതകള്‍ പ്രതീക്ഷിച്ചതിലും കഠിനമായേക്കും.