ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പിന് പിന്നാലെ എന്‍ഡിഎയ്ക്ക് അനുകൂലമായി പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്. എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും ഇന്ത്യാ സഖ്യം രണ്ട് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. തങ്ങള്‍ മിക്ക എക്സിറ്റ് പോളുകളും തള്ളിക്കളയുന്നുവെന്നും കൃത്രിമം കാണിക്കുന്നതാണ് എക്സിറ്റ് പോളുകളെന്നും ഔദ്യോഗിക ഫലം പുറത്തുവരട്ടെയെന്നും മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ബി എം സന്ദീപ് പറഞ്ഞു.
'ഞങ്ങള്‍ എല്ലാ എക്സിറ്റ് പോളുകളും നിരസിക്കുന്നു. അവ പലപ്പോഴും കൃത്രിമം കാണിച്ച് ഉണ്ടാക്കുന്നതാണ്. ഔദ്യോഗിക ഫലങ്ങള്‍ വരെ കാത്തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇന്ത്യാ ബ്ലോക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അടിത്തട്ടിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ സഖ്യം തന്നെ അധികാരത്തില്‍ വരുമെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിനെതിരെ മഹാരാഷ്ട്രയില്‍ കടുത്ത ഭരണവിരുദ്ധത ഉണ്ടായിരുന്നു,' എന്നും ബി എം സന്ദീപ് പ്രതികരിച്ചു.
സംസ്ഥാനത്തുടനീളമുള്ള വോട്ടിങ് വിവരങ്ങള്‍ ഇപ്പോഴും ശേഖരിക്കുന്നതിനാല്‍ താന്‍ കണക്കുകളിലേക്ക് പോകുന്നില്ല, വിദര്‍ഭ, മറാത്ത്വാഡ മേഖലകളിലും മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ ശിവസേന (യുബിടി) മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആകെയുള്ള 288 സീറ്റുകളില്‍ 145 സീറ്റുകളാണ് വേണ്ടത്.
ജാര്‍ഖണ്ഡിലും ഇന്ത്യാ സഖ്യത്തിന് വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് നേതാവ്
ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം മികച്ച വിജയം നേടുമെന്ന് ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സപ്തഗിരി ഉലക പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം കാണിക്കുന്നുവെന്നത് വിശ്വസിക്കാന്‍ കഴിയില്ല. തങ്ങള്‍ക്ക് ലഭിച്ച ഗ്രൗണ്ട് ലെവല്‍ വിവരം അനുസരിച്ച് ഇന്ത്യാ സഖ്യത്തിന് 45 സീറ്റുകള്‍ അനായാസമായി ലഭിക്കും.
വോട്ടെണ്ണല്‍ ദിവസം അത് ചിലപ്പോള്‍ 50 കടന്നേക്കാമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ട് ഘട്ടങ്ങളില്‍ നിന്നുമായി ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് ഏകദേശം 16 അല്ലെങ്കില്‍ 17 സീറ്റുകള്‍ വരെ ലഭിക്കും. തങ്ങളുടെ മുന്‍ സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ആകെ 81 സീറ്റുകളുള്ള ജാര്‍ഖണ്ഡ് നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 42 സീറ്റുകള്‍ ആവശ്യമാണ്.
എന്‍ഡിഎ അനുകൂല എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്; മഹാരാഷ്ട്രയിലും, ജാര്‍ഖണ്ഡിലും ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടും