റഷ്യ-യുക്രെയ്ന്‍ പോരാട്ടത്തില്‍ ഇതാദ്യമായി യുകെ നല്‍കിയ സ്റ്റോം ഷാഡോ മിസൈലുകള്‍ ഉക്രെയ്ന്‍ റഷ്യയ്ക്ക് നേരെ തൊടുത്തുവിട്ടതായി റിപ്പോര്‍ട്ട്.
കൈവോ റഷ്യയോ വിക്ഷേപണത്തെക്കുറിച്ച് ഔപചാരികമായി പ്രതികരിച്ചിട്ടില്ല. കുര്‍സ്‌കില്‍ റഷ്യന്‍ സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിനു മറുപടിയായാണ് സ്റ്റോം ഷാഡോ മിസൈലുകള്‍ പ്രയോഗിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. യു.കെ സര്‍ക്കാരും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ 'യുദ്ധക്കളത്തിലെ യുക്രെയ്‌നിന്റെ നടപടികള്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കുന്നു' എന്ന് യു.കെ പ്രതിരോധ സെക്രട്ടറി പറഞ്ഞു. എന്തായാലും റഷ്യന്‍-യുക്രെയ്ന്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ യു.കെ ആഗ്രഹിക്കുന്നില്ല എന്നത് വ്യക്തമാണ്. എന്നാല്‍ ആക്രമണത്തില്‍ റഷ്യയുടെ തിരിച്ചടി എന്തായിരിക്കും എന്നതിനെക്കുറിച്ച് വ്യാപകമായ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അത് ഏതു രൂപത്തിലും വരാം എന്നും കരുതുന്നവരുണ്ട്.
റഷ്യന്‍ മുന്നേറ്റം ദുര്‍ബലമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയുടെ അതിര്‍ത്തിക്കുള്ളില്‍ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രെയ്നിന് അനുമതി നല്‍കിയിരുന്നു. യുഎഎസ് നല്‍കിയ ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റംസ് ഉപയോഗിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ ബ്രയാന്‍സ്‌കിലെ സൈനിക സൈറ്റില്‍ യുക്രെയ്ന്‍ ആക്രമണം നടത്തിയിരുന്നു.
ദീര്‍ഘദൂര മിസൈലുകളാണ് സ്റ്റോം ഷാഡോ, അവയ്ക്ക് എത്തിച്ചേരാന്‍ കഴിയുന്ന പരമാവധി ദൂരം ഏകദേശം 250 കിലോമീറ്റര്‍ (155 മൈല്‍) ആണ്. ഇത് ഒരു വിമാനത്തില്‍ നിന്നാണ് വിക്ഷേപിക്കപ്പെടുന്നത്, തുടര്‍ന്ന് ശബ്ദത്തിന്റെ വേഗതയോട് അടുത്ത് പറക്കുന്നു, ലക്ഷ്യത്തിലെത്തിച്ചേരുകയും ഉയര്‍ന്ന സ്‌ഫോടകശേഷിയുള്ള വാര്‍ഹെഡ് പൊട്ടിത്തെറിക്കുകയും ചെയ്യും. യുക്രെയ്നിനെതിരായ യുദ്ധത്തില്‍ റഷ്യ ഉപയോഗിച്ചതുപോലുള്ള കഠിനമായ ബങ്കറുകളിലേക്കും വെടിമരുന്ന് സ്റ്റോറുകളിലേക്കും തുളച്ചുകയറുന്നതിനുള്ള അനുയോജ്യമായ ആയുധമായി സ്റ്റോം ഷാഡോ കണക്കാക്കപ്പെടുന്നു. ഓരോ മിസൈലിനും ഏകദേശം 1 മില്യണ്‍ യുഎസ് ഡോളര്‍ (767,000 പൗണ്ട്) ചെലവ് വരും.
യുക്രെയ്ന്‍ സ്റ്റോം ഷാഡോ മിസൈലുകള്‍ ലക്ഷ്യം വച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടെലിഗ്രാമിലൂടെയെത്തിയ അനൗദ്യോഗിക ചിത്രങ്ങള്‍ കുര്‍സ്‌ക് മേഖലയിലുള്ള ഒരു സ്ഥലത്ത് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കാണിക്കുന്നുണ്ട്. അതേസമയം റഷ്യയുടെ അതിര്‍ത്തിക്കുള്ളില്‍ യുഎസ്, യുകെ നിര്‍മിത മിസൈലുകള്‍ ഉപയോഗിക്കുന്നത് നാറ്റോ മോസ്‌കോയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് തുല്യമാകുമെന്ന് വ്ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി.
റഷ്യക്കെതിരെ ആദ്യമായി യുകെ നിര്‍മിത സ്റ്റോം ഷാഡോ മിസൈലുകള്‍ തൊടുത്ത് യുക്രെയ്ന്‍