തോറ്റുകഴിയുമ്പോൾ അനിൽ ആൻറണി പാഠം പഠിക്കും: ശശി തരൂർ

തോറ്റുകഴിയുമ്പോൾ അനിൽ ആൻറണി പാഠം പഠിക്കും: ശശി തരൂർ

Tharoor_Antony_Anil


തിരുവനന്തപുരം: എകെ ആന്റണിയോട് മകൻ അനിൽ ആന്റണി മര്യാദയും സ്‌നേഹവും കാണിക്കണമെന്ന് തിരുവനന്തപുരം എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ. 

"അച്ഛന്റെ ദുഃഖം അനിൽ മനസിലാക്കണം. അനിൽ തീവ്ര ബിജെപി നയങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖമുണ്ട്. ഞാൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണി. പത്തനംതിട്ടയിലെ തോൽവി അനിലിനെ പല പാഠങ്ങളും പഠിപ്പിക്കും," ശശി തരൂർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എകെ ആന്റണി പഠിപ്പിക്കാൻ ശ്രമിച്ച കാര്യങ്ങൾ ഇത്ര വേഗത്തിൽ അനിൽ മറന്നു പോകുമെന്ന് കരുതിയില്ല. അനിൽ ഉപയോഗിച്ച ഭാഷ കോൺഗ്രസിൽ ഉപയോഗിക്കാറില്ല. അതിനെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

വീണ്ടും രാജ്യത്തിന്റെ അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന പൊളിച്ചെഴുതുമെന്ന് എകെ ആന്റണി നേരത്തേ പറഞ്ഞിരുന്നു. 

"അംബേദ്‌കർ ഉണ്ടാക്കിയ ഭരണഘടന മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ബിജെപിക്കുള്ള പിന്തുണ കുറയുകയാണ്. അതിന്റെ സൂചനകൾ നരേന്ദ്രമോദിയുടെ ശരീരഭാഷയിൽ നിന്ന് മനസിലാക്കാം. മൂന്നാമതൊരിക്കൽ കൂടി ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ അതോടെ ഇന്ത്യ അസ്‌തമിക്കും. ഇന്നത്തെ ഇന്ത്യയുടെ മരണമണിയാകും. ഇന്ത്യ ഇന്ത്യയല്ലാതെയായി മാറും," ആന്റണി ഒരു അഭിമുഖത്തിൽ പറഞ്ഞു.

പത്തനംതിട്ടയിൽ മകൻ ജയിക്കാൻ പാടില്ലെന്നും കോൺഗ്രസ് ജയിക്കണമെന്നും തന്റെ മതം കോൺഗ്രസാണെന്നും എകെ ആന്റണി പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റാണ്. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ  തൻറെ നിലപാട്. മക്കളെപ്പറ്റി അധികം പറയിപ്പിക്കരുത്. ആ ഭാഷ ശീലിച്ചിട്ടില്ല. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്‍റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കും-- ആന്റണി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നുമാണ് അനിൽ ആന്റണി ഇതിന് മറുപടി പറഞ്ഞത്. പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു.