തിരുവനന്തപുരത്തും കൊല്ലത്തും ഷി​ഗല്ല; വയനാട്ടിൽ രോ​ഗം ബാധിച്ച കുട്ടികളുടെ എണ്ണം 9 ആയി

തിരുവനന്തപുരത്തും കൊല്ലത്തും ഷി​ഗല്ല; വയനാട്ടിൽ രോ​ഗം ബാധിച്ച കുട്ടികളുടെ എണ്ണം 9 ആയി


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മൂന്ന് പേർക്കാണ് ഒടുവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തോന്നക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിലാണ് രോഗബാധ. രോഗം ബാധിച്ച മൂന്ന് കുട്ടികളുടെ നില തൃപ്തികരമെന്നാണ് വിവരം. കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വയനാടിനും കൊല്ലത്തിനും പുറമേയാണ് തലസ്ഥാന ന​ഗരിയിലും ഷി​ഗല്ല രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട് കോളിയോടി മാർ ബസേലിയോസ് സ്കൂളിൽ ഒരു കുട്ടിക്ക് കൂടി ഇന്ന് ഷി​ഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോ​ഗം ബാധിച്ച കുട്ടികളുടെ എണ്ണം ഒൻപതായി. ഏഴ് സാംപിളുകളുടെ പരിശോധനാഫലം ഇനിയും വരാനുണ്ട്. കൊല്ലം ജില്ലയിലെ പരവൂർ പാലത്തറ മേഖലയിലെ 2 വിദ്യാർത്ഥികൾക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോടും ഷി​ഗല്ല രോ​ഗബാധ സ്ഥിരീകരിച്ചിരുന്നു.

ഷിഗെല്ല സ്ഥിരീകരിച്ച വയനാട് നെൻമേനിയിൽ ആൾക്കൂട്ട നിയന്ത്രണവും ഏർപ്പെടുത്തി. അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലും ബത്തേരി മുൻസിപ്പാലിറ്റിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.