നടന്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

നടന്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും


കൊച്ചി: സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതോടെ നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും. തിരുവനന്തപുരത്തോ കൊച്ചിയിലോ ഹാജരാകാനാണ് സാധ്യത. ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലോ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലോ ഹാജരാകാനാണ് സാധ്യത കൂടുതല്‍. സാധാരണ അന്വേഷണസംഘം നോട്ടീസ് നല്‍കി വിളിപ്പിക്കുമെങ്കിലും സിദ്ദിഖ് അതിന് കാത്തിരിക്കില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാലാശ്വാസമായി അറസ്റ്റ് തടഞ്ഞത്.

ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് സിദ്ദിഖിന് ആശ്വാസമാകുന്ന തീരുമാനമെടുത്തത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരും അതിജീവിതയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്.

എല്ലാ വ്യവസായ മേഖലകളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമമുണ്ടെന്ന് നിരീക്ഷിച്ച സുപ്രിംകോടതി എട്ട് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്തുവെന്നും വാദത്തിനിടെ ചോദിച്ചു. സമാന കേസുകളില്‍ പ്രതികളായ മറ്റ് നടന്മാര്‍ക്ക് ജാമ്യം ലഭിച്ചു, സിദ്ദീഖിന് ലഭിച്ചില്ലെന്നുമായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോത്തഗിയുടെ വാദം. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സിദ്ദിഖ് സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.