ആവശ്യങ്ങൾ അംഗീകരിച്ചു;തിരുവനന്തപുരം വിമാനതാവളത്തിലെ കരാർ തൊഴിലാളികളുടെ സമരം തീർന്നു

ആവശ്യങ്ങൾ അംഗീകരിച്ചു;തിരുവനന്തപുരം വിമാനതാവളത്തിലെ കരാർ തൊഴിലാളികളുടെ സമരം തീർന്നു


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരുടെ പണിമുടക്കാണ് അവസാനിപ്പിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ശമ്പള വർധനവും ബോണസും ആവശ്യപ്പെട്ട് നടത്തിയ സമരം റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. ഇന്നലെ രാത്രി മുതലാണ് 450 ഓളം എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാർ പണിമുടക്കിയത്.

സമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. വിദേശ സർവീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. ഒരു മണിക്കൂർ വരെ ലഗേജ്‌ ക്ലിയറൻസ് വൈകി. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ പണിമുടക്ക് നടന്നത്.

വിമാനത്താവളത്തിലെ പണിമുടക്ക് യാത്രക്കാരെയും ബാധിച്ചു. ബെംഗളൂരു – തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനുറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാൽ വിമാനങ്ങളൊന്നും റദ്ദാക്കിയില്ല.