സൻആ: നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ലെന്ന് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് തലാലിന്റെ സഹോദരൻ അബ്ദുൽഫത്താഹ് മഹ്ദിയുടെ പ്രതികരണം. നിമിഷ പ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ല. അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നീതി കേസിൽ നടപ്പാക്കണമെന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്. അതല്ലാതെ മറ്റൊരു ആവശ്യവുമില്ലെന്നും തലാലിന്റെ സഹോദരൻ വ്യക്തമാക്കി.
ക്രൂരമായ കുറ്റകൃത്യം മാത്രമല്ല, അതിനെ തുടർന്നുണ്ടായ നീണ്ടതും മടുപ്പിക്കുന്നതുമായ നിയമപ്രക്രിയയും ഞങ്ങളെ ബുദ്ധിമുട്ടിലാക്കി. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതിനും സത്യത്തെ വളച്ചൊടിക്കാനുമുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ ശ്രമങ്ങളിൽ ഞങ്ങൾക്ക് ഖേദമുണ്ട്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുക എന്നതാണ് ഇന്ത്യൻ മാധ്യമങ്ങളുടെ ലക്ഷ്യമെന്ന് ഉറച്ചുവിശ്വസിക്കുകയാണെന്നും അബ്ദുൽഫത്താഹ് മഹ്ദി പറഞ്ഞു.
ഏതൊരു തർക്കവും അതിന്റെ കാരണങ്ങൾ എന്തുതന്നെയായാലും ഇത്രയും വലിയ ഒരു കൊലപാതകത്തെ അത് ന്യായീകരിക്കുന്നില്ല. കൊലപാതകം നടത്തിയതിന് ശേഷം ശരീരം വികൃതമാക്കി ഒളിപ്പിച്ചുവെക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും തലാലിന്റെ സഹോദരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
മധ്യസ്ഥതയും സമാധാനത്തിനുള്ള ശ്രമങ്ങളും ഞങ്ങൾക്ക് പുതുമയുള്ളതല്ല. വർഷങ്ങളായുള്ള കേസിന്റെ നാൾവഴികളിൽ മധ്യസ്ഥ ശ്രമങ്ങളും ഞങ്ങളെ സമ്മർദത്തിലാക്കാനുളള നീക്കങ്ങളുമുണ്ടായിട്ടുണ്ട്. ഇതിൽ പലതും ഇന്ത്യൻ മാധ്യമങ്ങൾ വർഷങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് സാധാരണവും പ്രതീക്ഷിച്ചതുമാണ്. എന്നാൽ, ഒരു ഓഫറും ഞങ്ങളുടെ തീരുമാനത്തെ മാറ്റിയിട്ടില്ല.
ഇപ്പോൾ വധശിക്ഷ മാറ്റിവെച്ചിരിക്കുകയാണ്. അത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. വധശിക്ഷ നിർത്തിവെച്ചവർക്ക് ഒരുതരത്തിലുമുള്ള അനുരഞ്ജന ശ്രമത്തിനും ഞങ്ങൾ വഴങ്ങില്ലെന്ന് അറിയാം. വധശിക്ഷ തീയതി നിശ്ചയിച്ചതിന് ശേഷമുള്ള സംഭവവികാസങ്ങൾ മുമ്പത്തേക്കാൾ ബുദ്ധിമുട്ടേറിയതാണ്. വധശിക്ഷ നടപ്പാക്കുന്നത് വരെ നടപടികൾ പിന്തുടരുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. കാലതാമസമുണ്ടായാലും സമ്മർദങ്ങളുണ്ടായാലും തങ്ങൾ വഴങ്ങില്ല. സത്യം ഒരിക്കലും മറക്കാവുന്നതല്ല. രക്തത്തെ പണം കൊടുത്ത് വാങ്ങാവുന്നതുമല്ല. എത്ര സമയമെടുത്താലും പ്രതികാരം നടപ്പാകുക തന്നെ ചെയ്യുമെന്നും ദൈവം സഹായിക്കുമെന്നും തലാലിന്റെ സഹോദരൻ എഫ്.ബി കുറിപ്പിൽ വ്യക്തമാക്കി.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. ഇന്ന് നടത്താനിരുന്ന വധശിക്ഷയാണ് മാറ്റിവെച്ചത്. വിദേശകാര്യ മന്ത്രാലയമാണ് വധശിക്ഷ മാറ്റിയവിവരം അറിയിച്ചത്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി പ്രമുഖർ ചർച്ച നടത്തിയിരുന്നു.
പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതിനാൽ, കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗം. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് വധശിക്ഷ മാറ്റിവെച്ചതായ വിവരം പുറത്തുവന്നിരിക്കുന്നത്.
നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റിൽ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമൻ കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റഷാദ് അൽ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരൻ
