ആദ്യ ട്രൻഡിൽ യുഡിഎഫ് മുന്നിൽ; 11 മന്ത്രിമാർ പിന്നിൽ

ആദ്യ ട്രൻഡിൽ യുഡിഎഫ് മുന്നിൽ; 11 മന്ത്രിമാർ പിന്നിൽ


തിരുവനന്തപുരം: വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫിന് വ്യക്തമായ മുന്നേറ്റ സൂചന. നിലവിലെ ട്രൻഡ് പ്രകാരം യുഡിഎഫ് 84 സീറ്റുകളിൽ മുന്നിലാണ്. എൽഡിഎഫ് 51 സീറ്റുകളിലും എൻഡിഎ 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം മണ്ഡലങ്ങളിലാണ് എൻഡിഎയ്ക്ക് മുന്നേറ്റം.

ഭരണകക്ഷിക്ക് തിരിച്ചടിയായി 11 മന്ത്രിമാർ വിവിധ മണ്ഡലങ്ങളിൽ പിന്നിലായിരിക്കുകയാണ്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, കെ.ബി. ഗണേഷ് കുമാർ, പി. രാജീവ്, ഒ.ആർ. കേളു, വി. ശിവൻകുട്ടി, വീണാ ജോർജ്, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി എന്നിവർ പിന്നിലാണ്.

അതേസമയം, യുഡിഎഫ് പ്രധാന നേതാക്കളെല്ലാം വിവിധ മണ്ഡലങ്ങളിൽ മുന്നിലാണ്. ധർമടത്ത് പിണറായി വിജയൻ ലീഡ് തുടരുന്നു. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നിലാണ്. പാലായിൽ ജോസ് കെ. മാണി പിന്നിലാണ്. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ മുന്നിൽ നിൽക്കുമ്പോൾ, പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയും മുന്നേറ്റം തുടരുന്നു. കോട്ടയം, മലപ്പുറം ജില്ലകളിലും യുഡിഎഫിന് അനുകൂലമായ പ്രവണതയാണ് ആദ്യഘട്ടത്തിൽ വ്യക്തമായത്.