സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തില്‍ ഇടുക്കിയില്‍ വേടന്‍ പാടും

സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തില്‍ ഇടുക്കിയില്‍ വേടന്‍ പാടും


തൊടുപുഴ: കേസില്‍ ഉള്‍പ്പെട്ട റാപ് ഗായകന്‍ വേടന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍. പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ വേടന്‍ പാടുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഇടുക്കി ചെറുതോണിയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ തിങ്കളാഴ്ച വൈകിട്ട് 7നാണ് വേടന്റെ റാപ്പ്. 

മാര്‍ച്ച് 29ന പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വേടന്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇവ റദ്ദാക്കുകയായിരുന്നു.

കേസില്‍ ജാമ്യം കിട്ടുകയും തെറ്റു തിരുത്തുമെന്ന് വേടന്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും പരിപാടി സംഘടിപ്പിക്കുന്നത്. വേടനെ മറ്റേതെങ്കിലും രീതിയില്‍ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ഇടത് അനുഭാവമുള്ള ഗായകനാണ് വേടനെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.

കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വച്ച കേസിലുമണ് വേടന്‍ അറസ്റ്റിലായത്. പിന്നീട് പെരുമ്പാവൂര്‍ കോടതി പുലിപ്പല്ലു കേസില്‍ ജാമ്യം അനുവദിച്ചു. യഥാര്‍ഥ പുലിപ്പല്ലാണ് കൈവശം വച്ചതെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴി കണക്കിലെടുത്തുമാണ് ജാമ്യം നല്‍കിയിരിക്കുന്നത്.