വയനാട് ദുരന്തം: ഇതുവരെ 199 മൃതശരീരങ്ങളും 133 ശരീര ഭാഗങ്ങളും കണ്ടെടുത്തു; ഇന്ന് നാലു പേരെ ജീവനോടെ രക്ഷിച്ചു

വയനാട് ദുരന്തം: ഇതുവരെ 199 മൃതശരീരങ്ങളും 133 ശരീര ഭാഗങ്ങളും കണ്ടെടുത്തു; ഇന്ന് നാലു പേരെ ജീവനോടെ രക്ഷിച്ചു


വയനാട് :  ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 332 ആയി ഉയര്‍ന്നു.199 മൃതശരീരങ്ങളും 133 ശരീര ഭാഗങ്ങളുമാണ് കണ്ടെടുത്തത്. 116 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

വയനാട് ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നത്തെ തെരച്ചിലില്‍ ആകെ ലഭിച്ചത് നാല് മൃതദേഹങ്ങളാണ്. വെള്ളാര്‍മല സ്‌കൂളിന് സമീപത്ത് നിന്നും ഒരു മൃതദേഹവും മേപ്പാടിയില്‍ നിന്നും ഒരു മൃതദേഹവും, ചുങ്കത്തറ കൈപ്പിനിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് മാത്രം ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 40 ആയി ഉയര്‍ന്നു. ഒരു കുടുംബത്തിലെ നാലു പേരെ ഇന്നു രക്ഷിക്കാനായി. പടവെട്ടി കുന്നില്‍ നിന്നാണ് ഇവരെ തകര്‍ന്ന വീട്ടില്‍ നിന്ന് രക്ഷിച്ചത്.

മലപ്പുറത്ത് ചാലിയാര്‍ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകല്‍ ഭാഗത്ത് നിന്നും ആറ് കിലോമീറ്റര്‍ അകലെയുളള പ്രദേശമാണിത്. പുഴയുടെ തീരത്ത് രണ്ട് കൂറ്റന്‍ കല്ലുകള്‍ക്കിടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പരിസരവാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് സംഘമടക്കമെത്തി മൃതദേഹം  ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ചൂരല്‍മല വെള്ളാര്‍മല സ്‌കൂളിന് സമീപത്തു നിന്നും കണ്ടെടുത്ത മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. 10 മണിയോടെയാണ് മേപ്പാടിയില്‍ തിരിച്ചില്‍ സംഘം ഒരു മൃതദേഹം കണ്ടെടുത്തത്. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 332 ആയി ഉയര്‍ന്നു.199 മൃതശരീരങ്ങളും 133 ശരീര ഭാഗങ്ങളുമാണ് കണ്ടെടുത്തത്.
116 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 200ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.