തിരുവനന്തപുരം: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം കടകംപള്ളി സ്വദേശിയിൽ നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. പാലക്കാട് കണ്ണാടി സ്വദേശി രമേശ് (47) ആണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. കടകംപള്ളി സ്വദേശിയായ യുവാവിൽ നിന്ന് ഘട്ടംഘട്ടമായി 1,19,83,304 രൂപയാണ് തട്ടിയെടുത്തത്.
യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണെന്ന വ്യാജേന സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ കടകംപള്ളി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. വിശ്വാസ്യത വർദ്ധിപ്പിക്കാനായി യഥാർത്ഥ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിന് സമാനമായ മൊബൈൽ ആപ്ലിക്കേഷനുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇവർ ഉപയോഗിച്ചിരുന്നു. ഇതിൽ വഞ്ചിതനായ കടകംപള്ളി സ്വദേശി തട്ടിപ്പുകാർ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി പണം കൈമാറുകയായിരുന്നു. തുടർന്ന് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്.
ബാങ്ക് ഇടപാടുകളുടെ രേഖകളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അത്യാധുനിക സൈബർ അന്വേഷണത്തിലൂടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് തട്ടിപ്പിനായി ഉപയോഗിച്ച നിരവധി മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, വ്യാജ രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: കടകംപള്ളി സ്വദേശിയുടെ 1.19 കോടി കവർന്ന പ്രതി പാലക്കാട്ടുനിന്ന് പിടിയിൽ
