മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞു, പിന്നീട് മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞു, പിന്നീട് മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി


തിരുവനന്തപുരം: തദ്ദേശ മന്ത്രി കെ എം ഷാജിയെ യുവമോർച്ചക്കാർ തടഞ്ഞു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം. യുവമോര്‍ച്ചക്കാര്‍ വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍ കയറി. എന്നാല്‍, മന്ത്രി കയറിയ ഓട്ടോയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ, ഒട്ടോയിൽ നിന്നും ഇറങ്ങി മന്ത്രി നടന്നുപോയി. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. ഇത് ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കുന്നു.

അര മണിക്കൂറോളമാണ് പ്രതിഷേധത്തിൽ മന്ത്രി റോഡിൽ കുടുങ്ങിയത്. ബേക്കറി ജംഗ്ഷനിൽ വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞ ശേഷം മുന്നിൽ പ്രവർത്തകർ കുത്തി ഇരിക്കുകയായിരുന്നു. പ്രതിഷേധാക്കരെ മാറ്റാൻ പൊലീസ് എത്താതായതോടെ മന്ത്രി ഓട്ടോയിൽ കയറി പോകാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവമോർച്ച പ്രവർത്തർ മന്ത്രി കയറിയ ഓട്ടോയും തടയുകയായിരുന്നു.

അതേസമയം, തലസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലെ സംഘര്‍ഷം കനക്കുകയാണ്. കൊല്ലത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ബിജെപിയും പോഷക സംഘടനാ പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി വീശാന്‍ തുടങ്ങി. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് - ബിജെപി ഏറ്റുമുട്ടലിനിടെ തിരുവനന്തപുരത്ത് ഡിസിസി ഓഫീസടക്കം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണവും കല്ലേറും ഉണ്ടായി. നെയ്യാറ്റിന്‍കര ആനാവൂരിൽ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചു. ബിജെപി തിരുവനന്തപുരം സൌത്ത് ജില്ല പ്രസിഡൻ്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഡിസിസി ഓഫീസാക്രമണം. തിരുവനന്തപുരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും നെയ്യാറ്റിന്‍കര ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. 

തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെയും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. യുവമോർച്ച തിരുവനന്തപുരം നോർത്ത് ജില്ലാ അധ്യക്ഷൻ സൂര്യകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ഉണ്ടായത്. ബിജെപി നേതാക്കൾക്ക് നേരെയും പ്രതിഷേധം ഉണ്ടായി. നെയ്യാറ്റിൻകരയിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയായിരുന്നു പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടായി.