ഇന്ത്യന്‍ ജീവിതം കാനഡയിലേതിനേക്കാള്‍ എളുപ്പമാണെന്ന് തോന്നാം; കാരണം ഇതാണ്

ഇന്ത്യന്‍ ജീവിതം കാനഡയിലേതിനേക്കാള്‍ എളുപ്പമാണെന്ന് തോന്നാം; കാരണം ഇതാണ്

Photo Caption


കാനഡയിലെ ജീവിതം താന്‍ സങ്കല്‍പ്പിച്ചതില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് ഒരു പെണ്‍കുട്ടി ഈയ്യിടെ സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നതു കേട്ടു. അവര്‍ ചൂണ്ടിക്കാണിച്ചത് ഇന്ത്യയിലെ ജീവിതം എത്ര എളുപ്പമാണെന്നാണ്. 

കാനഡയില്‍ നിന്ന് വ്യത്യസ്തമായി ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ അവളുടെ വീട്ടുവാതില്‍ക്കല്‍ നിന്ന് റിട്ടേണ്‍ പാഴ്‌സലുകള്‍ എടുക്കും. ഇവിടെ, അവള്‍ സ്വന്തം ലേബലുകള്‍ പ്രിന്റ് ചെയ്യുകയും അവളുടെ റിട്ടേണ്‍ പാക്കേജുകള്‍ പോസ്റ്റ് ഓഫീസില്‍ എത്തിക്കുകയും വേണം. വീഡിയോ വളരെയധികം ശ്രദ്ധ നേടുകയും ഇന്ത്യക്കാര്‍ പലപ്പോഴും വീട്ടില്‍ കൂടുതല്‍ സുഖപ്രദമായി എങ്ങനെ ജീവിക്കുന്നുവെന്നും വിദേശത്തേക്ക് പോകുമ്പോഴാണ് അതിന്റെ വിലയറിയുന്നതെന്ന പുതിയ ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.

ഒരു വിദേശ രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിന്റെ ഗുണങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യാം. ചെലവു കുറഞ്ഞ തൊഴിലാളികളെ ലഭ്യമാകുന്ന തരത്തിലുള്ള തങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ ഇന്ത്യക്കാര്‍ ആദ്യം അംഗീകരിക്കേണ്ടതുണ്ട്. നമ്മുടെ സുഖസൗകര്യങ്ങളുടെ യഥാര്‍ഥ വിലയെക്കുറിച്ചും അത് നമ്മുടെ സമൂഹത്തിന് എന്താണ് അര്‍ഥമാക്കുന്നത് എന്നതിനെക്കുറിച്ചും ചര്‍ച്ച ആരംഭിക്കേണ്ട സമയമാണിത്.

നിരവധി സോഷ്യല്‍ മീഡിയ വീഡിയോകള്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഇന്ത്യയിലെ ജീവിതത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നത് കാണിക്കുന്നു. വരുമാന അസമത്വത്തിലും വില കുറഞ്ഞ തൊഴിലാളികളുടെ ചൂഷണത്തിലുമാണ് തന്റെ സുഖസൗകര്യങ്ങള്‍ വേരൂന്നിയതെന്ന് തിരിച്ചറിയുന്നത് വരെ ഞാന്‍ അത്തരം സംഭാഷണങ്ങളുടെ ഭാഗമാകുകയും അതേ ദിശയില്‍ ചിന്തിക്കുകയും ചെയ്തു. മിക്ക ആളുകള്‍ക്കും തങ്ങള്‍ പറുന്നതില്‍ എന്താണ് തെറ്റ് എന്ന് കാണാന്‍ പോലും കഴിയാത്തവിധം വളരെ സാധാരണമായിരുന്നു അത്തരം ചര്‍ച്ചകള്‍. 


പാശ്ചാത്യരെ അഭിനന്ദിക്കുക, അതില്‍ നിന്നും പഠിക്കുക

പാശ്ചാത്യ രാജ്യങ്ങള്‍, പ്രത്യേകിച്ച് യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും രാജ്യങ്ങള്‍, തൊഴിലാളികള്‍ക്ക് മാന്യമായ ജീവിതം നയിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ എങ്ങനെ സ്ഥാപിച്ചുവെന്ന് നമ്മളില്‍ പലരും കൗതുകപ്പെടുന്നു. ശക്തമായ സാമൂഹ്യക്ഷേമ സംവിധാനങ്ങള്‍, സാര്‍വത്രിക ആരോഗ്യ സംരക്ഷണം, ശക്തമായ തൊഴില്‍ സംരക്ഷണം എന്നിവയിലൂടെ തങ്ങളുടെ തൊഴിലാളിവര്‍ഗ പൗരന്മാര്‍ക്ക് ആശ്വാസം ഉറപ്പാക്കുന്നതില്‍ അവര്‍ വിജയിച്ചു. എന്നിരുന്നാലും, അധ്വാനത്തോടുള്ള അന്തര്‍ലീനമായ ബഹുമാനം കൊണ്ടാണ് ഇത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി സാധ്യമായതെന്ന് മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടുന്നു. ഈ രാജ്യങ്ങളിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം തങ്ങളുടെ ദൈനംദിന ജോലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനോ അവര്‍ക്ക് ആവശ്യമെങ്കില്‍ മാന്യമായ വേതനത്തില്‍ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനോ തയ്യാറാകുന്നു. അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കാന്‍ നിങ്ങള്‍ ഒരു ഡോക്ടറോ എഞ്ചിനീയറോ ആകണമെന്നില്ല.

ഒരേ സമൂഹത്തെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അസമത്വം കുറയ്ക്കാതെ അത് സാധ്യമല്ലെന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു. ഓരോ വ്യക്തിക്കും ചൂഷണരഹിതവും അന്തസ്സോടെയും ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ കുറഞ്ഞ ചെലവില്‍ നാം ആസ്വദിക്കുന്ന പ്രത്യേകാവകാശങ്ങള്‍ ഉപേക്ഷിക്കേണ്ടത് പ്രധാനമാണ്. അസമത്വത്തില്‍ അഭിമാനിക്കാന്‍ ഒന്നുമല്ല. ഭാഗ്യമില്ലാത്ത മറ്റുള്ളവരുടെ ചെലവില്‍ കുറച്ച് വ്യക്തികള്‍ പ്രത്യേകാവകാശങ്ങള്‍ ആസ്വദിക്കുന്ന ഒരു വ്യവസ്ഥയാണിതെന്ന് തിരിച്ചറിയുകയാണ് വേണ്ടത്.

തന്റെ പാഴ്സലുകള്‍ എടുക്കുന്നവര്‍ മനുഷ്യരാണെന്ന് വീഡിയോയില്‍ പരാതിപ്പെടുന്ന വനിതയ്ക്ക് മനസ്സിലായതായി തോന്നുന്നില്ല. ഒന്നുകില്‍ നിങ്ങള്‍ അവരുടെ പ്രയത്‌നത്തിന് ന്യായമായ വില കൊടുക്കുക, അല്ലെങ്കില്‍ നിങ്ങള്‍ അത് സ്വയം ചെയ്യുക.

ഒരിക്കല്‍ യുണൈറ്റഡ് കിംഗ്ഡത്തിലെ ആരോഗ്യ അടിയന്തരാവസ്ഥയില്‍, ഒരു സ്വകാര്യ ആശുപത്രിയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ലഭ്യമാകാന്‍ എനിക്ക് വളരെക്കാലം കാത്തിരിക്കേണ്ടി വന്നു. രാജ്യത്തെ പൊതു ധനസഹായമുള്ള ആരോഗ്യ സംരക്ഷണ സംവിധാനമായിരുന്നു അത്.   യു കെയിലെ സ്വകാര്യ ക്ലിനിക്കുകള്‍ ഇന്ത്യയേക്കാള്‍ വളരെ ചെലവേറിയതാണ്. അവിടെയാണ് അധിക നിരക്കുകളില്ലാതെ ലോകോത്തര ചികിത്സ വാഗ്ദാനം ചെയ്യുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്് വരുന്നത്. ചില സമയങ്ങളില്‍ ഇത് ഉപയോഗിക്കുന്നത് അല്‍പ്പം അസൗകര്യമുണ്ടാക്കുമെങ്കിലും ഓരോ വ്യക്തിക്കും അവരുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ തന്നെ ഒരേ നിലവാരത്തിലുള്ള മെഡിക്കല്‍ പരിചരണം ലഭിക്കുന്നുണ്ടെന്ന് അല്‍പം ക്ഷമയിലൂടെ ഞാന്‍ പിന്നീട് മനസ്സിലാക്കി. ഇതൊരു തികഞ്ഞ സംവിധാനമാണെന്നും അത് മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നും ഞാന്‍ വാദിക്കുന്നില്ല. എന്നാല്‍ എന്റെ ചെറിയ അസൗകര്യങ്ങളുടെ വിലയില്‍ ഓരോ വ്യക്തിക്കും ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നത് വളരെ മികച്ച തിരഞ്ഞെടുപ്പാണ്.


പരിഷ്‌കാരങ്ങളില്‍ ഞങ്ങള്‍ പരാജയപ്പെടുന്നു

വിശേഷാധികാരമുള്ളവരും സമ്പന്നരുമായ ഒരു പ്രധാന വിഭാഗം കൂടുതല്‍ ബോധവാന്മാരാകേണ്ടതും ദരിദ്രരോട് സംവേദനക്ഷമത വളര്‍ത്തിയെടുക്കേണ്ടതും ആവശ്യമാണ്. പക്ഷേ അത് നിങ്ങളുടെ സമ്പര്‍ക്കത്തില്‍ വരുന്ന ആളുകളോട് ദയ കാണിക്കുന്നതിനോ ചാരിറ്റി വാഗ്ദാനം ചെയ്യുന്നതിനോ മാത്രമല്ല. യഥാര്‍ഥ അനുകമ്പ വ്യക്തിപരമായ പരിചയങ്ങള്‍ മറികടക്കുകയും നമ്മുടെ സമൂഹത്തിലെ അപരിചിതരെ ആശ്ലേഷിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു സംവിധാനം സൃഷ്ടിച്ചുകൊണ്ട് നമുക്ക് ഇത് നേടാനാകും. എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന മിനിമം വേതനം ഉറപ്പാക്കുന്നതാണിത്.

സമൂഹത്തിന്റെ ചിന്താഗതി മാറ്റേണ്ടതുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും നിര്‍ണായകമായ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലും നാം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. 78 വര്‍ഷത്തെ സ്വയം ഭരണവും നിരവധി പദ്ധതികളും ഉണ്ടായിരുന്നിട്ടും കൂടുതല്‍ മാറ്റങ്ങള്‍ വേണ്ടതുണ്ടെന്നാണ് മനസ്സിലാകുന്നത്. പാവപ്പെട്ട ഇന്ത്യക്കാരുടെ ക്ഷേമം ഉള്‍പ്പെടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളും നിയന്ത്രണങ്ങളും നമുക്കുണ്ട്. എന്നാല്‍ നിയമപാലകരുടെ യാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയാം.

ഫലപ്രദമായ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് വിജയിക്കാത്തതുകൊണ്ട് ഇന്ത്യക്കാര്‍ക്ക് നരേന്ദ്ര മോഡി സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നടപ്പാക്കുന്നതിലെ പൊരുത്തക്കേട് ഇപ്പോഴും ദൃശ്യമാണ്. ഇന്ത്യയുടെ പരിഷ്‌ക്കരിച്ച തൊഴില്‍ നിയമങ്ങള്‍ സംഘടിതവും അസംഘടിതവുമായ മേഖലകളിലെ ആളുകളെ ഉള്‍ക്കൊള്ളുന്നുവെന്ന് അവകാശപ്പെടുമ്പോഴും യാഥാര്‍ഥ്യം മറിച്ചാണ്. നിയമപാലകരുടെ അപര്യാപ്തതയും ഓരോ സംസ്ഥാനത്തിനും സ്വന്തം തൊഴില്‍ നിയമങ്ങളുണ്ടെന്ന വസ്തുതയും സങ്കീര്‍ണ്ണമായ ചട്ടക്കൂടും ഇത് കൂടുതല്‍ വഷളാക്കിയിരിക്കുന്നു.

ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും കൂടുതല്‍ തുല്യമായ സമൂഹം സൃഷ്ടിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പാവപ്പെട്ട ആളുകള്‍ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ മാത്രം നിലനില്‍ക്കുന്ന നമ്മുടെ പ്രത്യേകാവകാശങ്ങളെക്കുറിച്ച് വീമ്പിളക്കുന്നതിനേക്കാള്‍ നന്നായി നമുക്ക് ചെയ്യാന്‍ കഴിഞ്ഞേക്കും. സമൂഹമെന്ന നിലയിലുള്ള നമ്മുടെ പരാജയം തിരിച്ചറിയാനാവും. 

കോളമിസ്റ്റും ടിവി ന്യൂസ് പാനലിസ്റ്റുമാണ് അമാന ബീഗം അന്‍സാരി. 'ഇന്ത്യ ദിസ് വീക്ക് ബൈ അമാന ആന്‍ഡ് ഖാലിദ്' എന്ന പേരില്‍ പ്രതിവാര യൂട്യൂബ് ഷോ നടത്തുന്നു. @Amana_Ansari എന്നതാണ് ട്വീറ്റ് വിലാസം. 

കടപ്പാട് : ദ് പ്രിന്റ്