സിംബാബ്‌വെക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് 23 റണ്‍സ് ജയം

സിംബാബ്‌വെക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് 23 റണ്‍സ് ജയം


ഹരാരെ: സിംബാബ്വെക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് 23 റണ്‍സ് വിജയം. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട സിംബാബ്വെ പിന്നീട് തിരിച്ചടിച്ചെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യക്ക് 2-1 ലീഡായി.

ലോകകപ്പ് നേട്ടത്തിനു ഇന്ത്യയിലെത്തി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം സിംബാബ്വെയില്‍ വിമാനമിറങ്ങിയ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങിയത്. റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, സായ് സുദര്‍ശന്‍ എന്നിവര്‍ പുറത്തായി.

സഞ്ജുവിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയോഗിച്ചപ്പോള്‍ ജയ്‌സ്വാളാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായത്. 27 പന്തില്‍ നാല് ഫോറും രണ്ടു സിക്‌സുമായി ജയ്‌സ്വാള്‍ മടങ്ങിയ ശേഷമാണ് കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരന്‍ അഭിഷേക് ശര്‍മ ക്രീസിലെത്തിയത്. ഒമ്പത് പന്തില്‍ 10 റണ്‍സുമായി അഭിഷേകും മടങ്ങിയ ശേഷമായിരുന്നു മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ബാറ്റിങ് കൂട്ടുകെട്ടുണ്ടായത്. മൂന്നാം വിക്കറ്റില്‍ ഗില്ലും ഋതുരാജ് ഗെയ്ക്ക്വാദും കൂടി 71 റണ്‍സ് ചേര്‍ത്തു.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ സഞ്ജു ഏഴ് പന്തില്‍ രണ്ടു ഫോര്‍ ഉള്‍പ്പെടെ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആറാം നമ്പറില്‍ മാത്രം അവസരം കിട്ടിയ റിങ്കു സിങ് ഒരു പന്തില്‍ ഒരു റണ്ണുമായും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ 39 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ സിംബാബ്വെ പെട്ടെന്നു തന്നെ കീഴടങ്ങുമെന്നു തോന്നിച്ചു. എന്നാല്‍, സെക്കന്‍ഡ് ഡൗണ്‍ ബാറ്റര്‍ ഡയണ്‍ മെയേഴ്‌സും ഏഴാം നമ്പറില്‍ കളിച്ച വിക്കറ്റ് കീപ്പര്‍ ക്ലൈവ് മദാന്‍ഡെയും അതിനു ശേഷം വെല്ലിങ്ടണ്‍ മസകാദ്‌സയും ഇന്ത്യന്‍ ബൗളര്‍മാരെ ഭയപ്പെടുത്തി.

നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. സുന്ദര്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ആവേശ് ഖാന്‍ തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ആകെ നാലോവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തു. ഖലീല്‍ അഹമ്മദ് 15 റണ്‍സിന് ഒരു വിക്കറ്റും സ്വന്തമാക്കി.