ഇന്ത്യയില്‍ നിന്ന് സെന്‍സിറ്റീവ് സാധനങ്ങള്‍ റഷ്യ കയറ്റുമതി ചെയ്യുന്നെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ്

ഇന്ത്യയില്‍ നിന്ന് സെന്‍സിറ്റീവ് സാധനങ്ങള്‍ റഷ്യ കയറ്റുമതി ചെയ്യുന്നെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ്


മോസ്‌കോ: പാശ്ചാത്യ ഉപരോധത്തിന്റെ  പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സെന്‍സിറ്റീവ് സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ റഷ്യ ശ്രമിക്കുന്നതായി യു കെയിലെ പ്രധാന ദേശീയ ദിനപത്രത്തില്‍ റിപ്പോര്‍ട്ട്. ക്രെംലിന്‍ തങ്ങളുടെ വിതരണ ശൃംഖല സുസ്ഥിരമാക്കുന്നതിനും തടസമില്ലാതെയും ഇന്ത്യയിലേക്ക് ഉത്പാദന സൗകര്യങ്ങള്‍ മാറ്റുന്നതിനുള്ള ഓപ്ഷനുകള്‍ പോലും കണ്ടെത്താന്‍ ശ്രമിക്കുന്നതായി യു കെ ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് അനുസരിച്ച് സൈനിക, സിവിലിയന്‍ ഉപയോഗ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ചരക്കുകളുടെ റഷ്യയിലേക്കുള്ള കയറ്റുമതി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. റഷ്യയുടെ വ്യവസായ വാണിജ്യ മന്ത്രാലയം 2022 ഒക്‌ടോബറില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ഫിനാന്‍ഷ്യല്‍ ടൈംസ് അവകാശപ്പെട്ടു. 

കുറഞ്ഞ നിരക്കില്‍ ഇന്ധനം വിറ്റ് റഷ്യ സ്വരൂപിച്ച ഇന്ത്യന്‍ രൂപയുടെ വന്‍തോതിലുള്ള കരുതല്‍ ശേഖരം വിനിയോഗിക്കുന്നതിനും ഈ പദ്ധതി ശ്രദ്ധിക്കുന്നുണ്ട്. കിര്‍ഗിസ്ഥാന്‍ വഴി ഡ്രോണുകള്‍ ഉള്‍പ്പെടെ 4.9 മില്യണ്‍ യു എസ് ഡോളറിന്റെ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ റഷ്യയ്ക്ക് ഇന്നോവിയോ വെഞ്ചേഴ്സ് എന്ന് പേരുള്ള ഒരു ഇന്ത്യന്‍ സ്ഥാപനം വിതരണം ചെയ്തുവെന്നും ഫിനാന്‍സ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ കുറഞ്ഞ വിലയില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.