ചരിത്രം കുറിച്ച് വൈശാലി രമേശ്ബാബു ; വനിതാ കാൻഡിഡേറ്റ്‌സ് കിരീടം നേടി ലോക ചാമ്പ്യൻഷിപ്പിലേക്ക്

ചരിത്രം കുറിച്ച് വൈശാലി രമേശ്ബാബു ; വനിതാ കാൻഡിഡേറ്റ്‌സ് കിരീടം നേടി ലോക ചാമ്പ്യൻഷിപ്പിലേക്ക്


സൈപ്രസ്: ഇന്ത്യൻ ചെസിന് അഭിമാന നേട്ടമായി വാശാലി രമേശ്ബാബു 2026 ഫിഡെ വനിതാ കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ കിരീടം നേടി ചരിത്രം കുറിച്ചു. ഫൈനൽ റൗണ്ടിൽ റഷ്യയുടെ കാതറിന ലാഗ്നോയെ തോൽപ്പിച്ചാണ് വൈശാലിയുടെ നേട്ടം. ഇതോടെ വനിതാ കാൻഡിഡേറ്റ്‌സ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി അവർ മാറി.

ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ ആറുപേർ കിരീടപ്പോരാട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും, കസാക്കിസ്ഥാന്റെ ബിബിസാര അസ്സൗബായേവയുമായി സമനിലയിൽ നിന്ന വൈശാലി മികച്ച പ്രകടനത്തോടെ മുന്നേറി. ആകെ 8.5 പോയിന്റ് നേടി ഒന്നാം സ്ഥാനം സ്വന്തമാക്കി. 14 മത്സരങ്ങളിൽ അഞ്ചു ജയം നേടി, രണ്ട് തോൽവി ഏറ്റുവാങ്ങിയാണ് ഈ നേട്ടം.

ടൂർണമെന്റിന്റെ മധ്യത്തിൽ ഒരു തോൽവി നേരിട്ടിട്ടും വൈശാലി അതിനെ മറികടന്ന് തുടർച്ചയായ മികച്ച പ്രകടനം കാഴ്ചവച്ചു. ആറാമതു മുതൽ പതിനൊന്നാം റൗണ്ട് വരെ നാല് ജയവും രണ്ട് സമനിലയും നേടി അവർ മുന്നേറ്റം ഉറപ്പിച്ചു.

ഈ വിജയത്തോടെ ഈ വർഷം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ നിലവിലെ ലോകചാമ്പ്യനായ ചൈനയുടെ ജൂ വെൻജുനിനെ നേരിടാൻ വൈശാലിക്ക് അവസരം ലഭിച്ചു. 2018 മുതൽ കിരീടം കൈവശം വെച്ചുവരുന്ന ജൂ വെൻജുൻ നിരവധി തവണ കിരീടം വിജയകരമായി നിലനിർത്തിയിട്ടുണ്ട്.

അതേസമയം, പുരുഷ വിഭാഗത്തിൽ ഉസ്‌ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദരോവ് കിരീടം നേടി. ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജുവുമായി ലോകചാമ്പ്യൻഷിപ്പിൽ അദ്ദേഹം ഏറ്റുമുട്ടും.

വൈശാലിയുടെ ഈ വിജയം ഇന്ത്യൻ ചെസിന് പുതിയ ഉയരങ്ങൾ സമ്മാനിക്കുന്നതായാണ് വിലയിരുത്തൽ.