പാരീസ്: രണ്ടാഴ്ചയിലേറെ നീണ്ട കായിക വിസ്മയത്തിന് തിരശീല വീണു. ഇനി 2028ല്‍ അമേിക്കയിലെ ലോസ് ആഞ്ചലസില്‍ കാണാമെന്ന ഉറപ്പോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ പാരീസിനോടു ഗുഡ്ബൈ പറഞ്ഞു. സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടന്നവ വര്‍ണാഭമായ സമാപനച്ചടങ്ങില്‍ ഒളിംപിക് പതാക അമേരിക്ക ഏറ്റു വാങ്ങുകയായിരുന്നു.
ഹോക്കിയിലെ വെങ്കല മെഡല്‍ ജേതാവും മലയാളി ഗോള്‍കീപ്പറുമായ പിആര്‍ ശ്രീജേഷും ഷൂട്ടിങില്‍ രണ്ടു വെങ്കല മെഡലുകളുമായി ചരിത്രം കുറിച്ച മനു ഭാക്കറുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. താരങ്ങളുടെ മാര്‍ച്ച് പാസ്റ്റിനോടൊപ്പം വര്‍ണാഭമായ നൃത്ത, സംഗീത, അഭ്യാസ പ്രകടനങ്ങളും സമാപനച്ചടങ്ങുകളുടെ പ്രധാന ഹൈലൈറ്റുകളായിരുന്നു. 270ലേറെ കലാകാരന്‍മാരാണ് സമാപനച്ചടങ്ങളില്‍ അണിനിരന്നത്.
നേരത്തേ ഉദ്ഘാടച്ചടങ്ങുകള്‍ സംവിധാനം ചെയ്ത തോമസ് ജോളിയാണ് സമാപനച്ചടങ്ങുകളും ലോകത്തിനു മുന്നിലെത്തിച്ചത്. 70,000ത്തോളം കാണികളാണ് സമാപച്ചടങ്ങുകള്‍ ആസ്വദിക്കാനും അത്ലറ്റുകളെയും ഒഫീഷ്യലുകളെയുമെല്ലാം യാത്രയയക്കാനും സ്റ്റേഡിയത്തിലെത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനെയും സ്വാഗതം ചെയ്തു കൊണ്ടാണ് സമാപനച്ചടങ്ങുകള്‍ക്കു തുടക്കമായത്.
തുടര്‍ന്ന് ഫ്രഞ്ച് ദേശീയ ഗാനമുയരുകയും അവരുടെ പതാക സ്റ്റേഡിയത്തില്‍ ഉയര്‍ത്തുകയും ചെയ്തു. പിന്നാലെ ഐഒസിയുടെയും പതാക ഇതിനു അടുത്തു തന്നെയായി ഉയര്‍ന്നു. അതിനു ശേഷമാണ് താരങ്ങള്‍ ദേശീയ പതാതകളുായി സ്റ്റേഡിയത്തിനകത്തേക്കു പ്രവേശിച്ചത്. കാണികളെ അഭിവാദ്യം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചും അത്ലറ്റുകള്‍ നടന്നുനീങ്ങി. 205 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. അത്ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റിനു ശേഷം വനിതകളുട മാരത്തണിലെ ജേതാക്കള്‍ക്കുള്ള മെഡല്‍ദാന ചടങ്ങും വേദിയില്‍ നടന്നു.
16 ദിവസം നീണ്ട കായികമാമാങ്കത്തില്‍ 126 മെഡലുകള്‍ നേടി യു.എസ്. ഒന്നാംസ്ഥാനക്കാരായപ്പോള്‍ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്.
കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിനേക്കാള്‍ ഒരുമെഡല്‍ കുറവാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. പുരുഷന്‍മാരുടെ ജാവ്ലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ വകയായിരുന്നു ഇന്ത്യയുടെ ഏക വെള്ളി മെഡല്‍ നേട്ടം.
ഷൂട്ടിങില്‍ മനു ഭാക്കര്‍ വനിതകളുടെ വ്യക്തിഗത ഇനത്തിലും ടീമിനത്തില്‍ സരബ്ജോത് സിങിനോടൊപ്പവും ഓരോ വെങ്കലം രാജ്യത്തിനു നേടിത്തന്നു. പുരുഷന്‍മാരുടെ ഷൂട്ടിങില്‍ സ്വപ്നില്‍ കുസാലെ വെങ്കലം നേടിയപ്പോള്‍ പുരുഷന്‍മാരുടെ ഗുസ്തിയില്‍ അമന്‍ സെഹ്റാവത്തിനും വെങ്കലം ലഭിച്ചു. ഇന്ത്യയുടെ അഞ്ചാമത്തെ വെങ്കലം പുരുഷ ഹോക്കി ടീമിന്റെ വകയായിരുന്നു.
പാരീസ് ഒളിമ്പിക്‌സ് കൊടിയിറങ്ങി; 2028ല്‍ അമേരിക്കയില്‍; മെഡല്‍ നിലയിലും അമേരിക്ക ചൈനയെ പിന്നിലാക്കി