സാന്താക്ലാര (കാലിഫോർണിയ): ലോകകപ്പ് ഫുട്‌ബോളിൽ സ്വിറ്റ്‌സർലൻഡിനെതിരെ അവസാന നിമിഷം നേടിയ ഗോളിന്റെ കരുത്തിൽ ഖത്തർ ആവേശകരമായ സമനില സ്വന്തമാക്കി. ശനിയാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇരു ടീമുകളും 1 -1ന് പിരിഞ്ഞു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഒരു ഗോളിന് മുന്നിലായിരുന്ന സ്വിറ്റ്‌സർലൻഡിന് ഇഞ്ചുറി ടൈമിൽ ഖത്തർ തിരിച്ചടി നൽകി. 94ാം മിനിറ്റിൽ ഹോമം അഹമ്മദ് നൽകിയ ക്രോസിൽ നിന്ന് നായകൻ ബോലം ഖൗഖി നേടിയ ഹെഡർ ഗോളാണ് ഖത്തറിന് നിർണായക സമനില സമ്മാനിച്ചത്.
17ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്രിയൽ എബോളോ ഗോളാക്കി മാറ്റിയതോടെയാണ് സ്വിറ്റ്‌സർലൻഡ് ലീഡ് നേടിയത്. ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദ റെമോ ഫ്രൂലറെ ഫൗൾ ചെയ്തതിനെ തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. വീഡിയോ പരിശോധനയ്ക്കു ശേഷമാണ് തീരുമാനം സ്ഥിരീകരിച്ചത്.
തുടർന്ന് നിരവധി അവസരങ്ങൾ സൃഷ്ടിച്ച സ്വിസ് ടീമിന് ലീഡ് ഉയർത്താനായില്ല. മറുവശത്ത് ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തർ നിരന്തരം തിരിച്ചടിക്കാൻ ശ്രമിച്ചു. അക്രം അഫീഫിന്റെ നേതൃത്വത്തിൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.
എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഖൗഖിയുടെ ഹെഡർ ഖത്തറിനെ തോൽവിയിൽ നിന്ന് രക്ഷിച്ചു. ഈ ഫലത്തോടെ ഗ്രൂപ്പ് ബിയിലെ എല്ലാ ടീമുകൾക്കും ഓരോ പോയിന്റ് വീതമാണുള്ളത്. നേരത്തെ നടന്ന മത്സരത്തിൽ കാനഡയും ബോസ്‌നിയ&ഹെർസെഗോവിനയും സമനിലയിൽ പിരിഞ്ഞിരുന്നു.
അടുത്ത മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് , ബോസ്‌നിയ&ഹെർസെഗോവിനയെ നേരിടും. ഖത്തർ കാനഡയ്‌ക്കെതിരായ മത്സരത്തിനായി വാൻകൂവറിലേക്കും യാത്രതിരിക്കും.
ഇഞ്ചുറി ടൈമിലെ ഗോളിൽ ഖത്തറിന് വിലപ്പെട്ട സമനില; സ്വിറ്റ്‌സർലൻഡിനെ പിടിച്ചുകെട്ടി
