ഇന്ത്യൻ നാവികരുടെ മരണത്തിൽ അമേരിക്കയ്‌ക്കെതിരെ തരൂർ; 'സുഹൃദ് രാജ്യത്തിന്റെ ഭാഗത്ത് നിന്ന് അനുശോചനമില്ലാത്തത് ഞെട്ടിക്കുന്നു''

ഇന്ത്യൻ നാവികരുടെ മരണത്തിൽ അമേരിക്കയ്‌ക്കെതിരെ തരൂർ; 'സുഹൃദ് രാജ്യത്തിന്റെ ഭാഗത്ത് നിന്ന് അനുശോചനമില്ലാത്തത് ഞെട്ടിക്കുന്നു''


ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈനിക നടപടിക്കിടെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. സംഭവവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ഔദ്യോഗിക പ്രസ്താവനയിൽ മരിച്ച ഇന്ത്യൻ നാവികർക്കായി അനുശോചനമോ ഖേദപ്രകടനമോ ഇല്ലാത്തത് അത്യന്തം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

'ഒരു സുഹൃദ് രാജ്യവും തന്ത്രപ്രധാന പങ്കാളിയും ആയ അമേരിക്കയ്ക്ക് നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ മരണത്തിൽ ഇത്രയും നിർവ്വികാരതയോടെ പെരുമാറാൻ എങ്ങനെ കഴിയും?' എന്ന് തരൂർ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ഒരു വാണിജ്യ കപ്പൽ തടയാൻ മാരകമായ ആക്രമണം നടത്താതെ മറ്റ് മാർഗങ്ങൾ സ്വീകരിക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കപ്പലിന്റെ സഞ്ചാരമോ നിയന്ത്രണ സംവിധാനങ്ങളോ പ്രവർത്തനരഹിതമാക്കാൻ കഴിയുമ്പോൾ സാധാരണ ജീവനക്കാരുടെ ജീവൻ നഷ്ടപ്പെടുന്ന തരത്തിലുള്ള ആക്രമണം എന്തിനാണെന്നും തരൂർ ചോദിച്ചു.

അതേസമയം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ച് ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചു. വാണിജ്യ കപ്പലുകൾക്കെതിരായ മാരക സൈനിക നടപടികൾ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 10ന് പലാവു പതാകയുള്ള സെറ്റബെല്ലോ എന്ന ടാങ്കറിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. ഇതിനുമുമ്പ് മാരിവെക്‌സ് എന്ന കപ്പലിനും പിന്നീട് ജൽവീർ എന്ന ടാങ്കറിനും നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ശക്തമായിരിക്കുകയാണ്.