കൊളോണിയൽ പാരമ്പര്യങ്ങൾക്ക് വിട; ഇന്ത്യൻ സൈന്യത്തിന് പുതിയ യൂണിഫോം ചട്ടങ്ങൾ

കൊളോണിയൽ പാരമ്പര്യങ്ങൾക്ക് വിട; ഇന്ത്യൻ സൈന്യത്തിന് പുതിയ യൂണിഫോം ചട്ടങ്ങൾ


ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിന്റെ ശേഷിപ്പുകളായ നിരവധി വസ്ത്രധാരണ രീതികൾ ഒഴിവാക്കി ഇന്ത്യൻ സൈന്യം പുതിയ യൂണിഫോം ചട്ടങ്ങൾ പുറത്തിറക്കി. 174 പേജുകളുള്ള 'ആർമി യൂണിഫോംസ്-2026' എന്ന പുതിയ മാനുവലിലാണ് മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക സ്വത്വത്തോടും ദേശീയ മൂല്യങ്ങളോടും കൂടുതൽ യോജിക്കുന്ന രീതിയിലേക്കാണ് പരിഷ്‌കാരങ്ങളെന്ന് സൈന്യം വ്യക്തമാക്കി.

പുതിയ ചട്ടപ്രകാരം ഔദ്യോഗിക ചടങ്ങുകളിൽ ഉദ്യോഗസ്ഥർക്ക് ആദ്യമായി അടഞ്ഞ കഴുത്തുള്ള 'ബന്ദി ജാക്കറ്റ്' ധരിക്കാൻ അനുമതി നൽകി. പരേഡുകളിൽ റിവ്യൂ ചെയ്യുന്ന ഉദ്യോഗസ്ഥർ വാൾ കൈവശം വയ്ക്കണമെന്ന നിർബന്ധവും ഒഴിവാക്കി. ചില ഔപചാരിക യൂണിഫോമുകളിൽ ഉപയോഗിച്ചിരുന്ന 'പൗച്ച് ബെൽറ്റ്' ഒഴിവാക്കുകയും ചെയ്തു.

എല്ലാ റാങ്കുകളിലുമുള്ള സൈനികർക്കായി പുതിയ ശൈത്യകാല യൂണിഫോമായ '3ബി ഡ്രസ്' അവതരിപ്പിച്ചു. അങ്കോള ഷർട്ട്, ബാറ്റിൽ ജാക്കറ്റ്, ബെററ്റ് എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ.

ടാറ്റൂ, ശരീരത്തിൽ തുളയിടൽ, ആഭരണങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൈനികർക്ക് യൂണിഫോമിൽ ബ്രേസ്ലെറ്റ് ധരിക്കാൻ അനുവാദമില്ല. പൂജാദിവസങ്ങളിൽ കൈയിൽ ഒരു വിശുദ്ധ നൂൽ മാത്രം ധരിക്കാം. സിഖ് സൈനികർക്ക് ഒഴികെ മതചിഹ്നങ്ങളും അനുവദിക്കില്ല.

മീശയുടെ നീളം 12 സെന്റിമീറ്ററിൽ കൂടരുതെന്നും യൂണിഫോമിൽ ഡിയോഡറന്റുകളോ സുഗന്ധദ്രവ്യങ്ങളോ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. സ്ത്രീ സൈനികർക്കായി ലിപ്സ്റ്റിക്, നിറമുള്ള നെയിൽ പോളിഷ്, മൂക്കുത്തി തുടങ്ങിയവയ്ക്ക് വിലക്കേർപ്പെടുത്തി. സിന്ദൂരം ഉപയോഗിക്കാമെങ്കിലും തലക്കെട്ട് ധരിക്കുമ്പോൾ അത് ദൃശ്യമാകരുതെന്നും ചട്ടത്തിൽ പറയുന്നു.

ഇന്ത്യൻ സ്വത്വം കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനും കൊളോണിയൽ കാലത്തിന്റെ അവശിഷ്ടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള സുപ്രധാന നീക്കമായാണ് പുതിയ യൂണിഫോം ചട്ടങ്ങളെ സൈന്യം വിശേഷിപ്പിക്കുന്നത്.