ടെക്‌സസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്, പ്രതിയും മരിച്ച നിലയിൽ

ടെക്‌സസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്, പ്രതിയും മരിച്ച നിലയിൽ


ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ മിഡ്‌ലാൻഡിൽ നടന്ന കൂട്ട വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന പൊലീസ് പരിശോധനയ്‌ക്കൊടുവിൽ പ്രതി വിക്ടർ മാത വില്ലാറിയലിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ടെക്‌സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം എട്ടുമണിയോടെയാണ് വെടിവെപ്പുകാരനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്കും സമീപത്തുണ്ടായിരുന്നവർക്കുമെതിരെ 45 കാരനായ വില്ലാറിയൽ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇയാൾ ഉപേക്ഷിക്കപ്പെട്ട ഒരു വെറ്ററിനറി ക്ലിനിക്കിൽ ഒളിച്ചു.

പ്രതിയുടെകീഴടങ്ങലിനായി മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനുശേഷം ഉച്ചയ്ക്ക് 12.30ഓടെ പൊലീസ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തി. വെടിവെപ്പിൽ പരിക്കേറ്റ ഒമ്പത് പേരെ മിഡ്‌ലാൻഡ് മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലുപേരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. മറ്റ് അഞ്ചുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

സംഭവത്തിൽ കൊല്ലപ്പെട്ടത് മിഡ്‌ലാൻഡ് സ്വദേശിയായ 62 കാരൻ എഡ്വേർഡ് റാൻഡൽ സ്‌കോട്ടാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മറ്റ് ഇരകളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും അറിയിച്ചു.

ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നേരത്തേ തന്നെ വില്ലാറിയലിനെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.  ബുധനാഴ്ച നടന്ന കാർചേസിനിടെ പൊലീസിന് നേരെ വെടിയുതിർത്തെന്ന കേസിലും ഇയാൾ പ്രതിയായിരുന്നു. സംഭവത്തെ തുടർന്ന് ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും വേണ്ടി പ്രാർത്ഥിക്കണമെന്ന് മിഡ്‌ലാൻഡ് മേയർ ലോറി ബ്ലോംഗ് ജനങ്ങളോട് അഭ്യർഥിച്ചു.