ന്യൂയോർക്ക്: ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ശക്തമായ മൊറോക്കൻ വെല്ലുവിളിക്കെതിരെ ബ്രസീൽ സമനില പിടിച്ചു. ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി 1-1ന് പിരിയുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീലിനെ സമ്മർദത്തിലാക്കിയ മൊറോക്കോ 21ാം മിനിറ്റിൽ ഇസ്മായിൽ സായ്ബാറിയിലൂടെ ലീഡ് നേടി. ബ്രാഹിം ഡിയാസിന്റെ കൃത്യമായ ത്രൂ പാസിൽ നിന്ന് മുന്നേറിയ സായ്ബാറി, ഗോൾകീപ്പർ ആലിസനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഗോൾ വഴങ്ങിയതോടെ ബ്രസീൽ ആക്രമണം ശക്തമാക്കി. 32ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറുടെ മികവിലാണ് സമനില ഗോൾ പിറന്നത്. ഇടത് വിങ്ങിലൂടെ മുന്നേറിയ താരം ബോക്‌സിനുള്ളിൽ നിന്ന് അസാധ്യമായ കോണിൽ നടത്തിയ ഷോട്ട് മൊറോക്കൻ വലയിൽ പതിച്ചു. ബ്രസീൽ ജഴ്‌സിയിൽ വിനീഷ്യസിന്റെ പത്താം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിലും മൊറോക്കോ ആക്രമണ ഫുട്‌ബോൾ തുടർന്നു. ബ്രാഹിം ഡിയാസും മസ്‌റാവിയും മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചപ്പോൾ ബ്രസീൽ പ്രതിരോധം പലപ്പോഴും സമ്മർദത്തിലായി. മറുവശത്ത് വിനീഷ്യസും ബ്രൂണോ ഗിമാറസും നയിച്ച ബ്രസീൽ ആക്രമണങ്ങളും അപകടകരമായിരുന്നു.
അവസാന നിമിഷങ്ങളിൽ ഇരുടീമുകൾക്കും വിജയഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ഇൻജുറി ടൈമിൽ മൊറോക്കോയ്ക്ക് ലഭിച്ച മികച്ച അവസരം ഗോളാകാതെ പോയതോടെ മത്സരം സമനിലയിൽ അവസാനിച്ചു. മുൻ ചാമ്പ്യൻമാരായ ബ്രസീലിനെ വിറപ്പിച്ച പ്രകടനമാണ് മൊറോക്കോ പുറത്തെടുത്തത്.
മൊറോക്കോയുടെ വെല്ലുവിളി അതിജീവിച്ച് ബ്രസീൽ; വിനീഷ്യസിന്റെ ഗോളിൽ സമനില
