കൊച്ചി: മലയിടംതുരുത്തിൽ കനത്ത പ്രതിഷേധത്തിന് കാരണമായ ദളിത് കുടുംബങ്ങളുടെ കുടിയിറക്കൽ ഭീഷണി പ്രശ്നത്തിന് ഒടുവിൽ പരിഹാരമായി. സർക്കാരിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇരുകൂട്ടരും സമവായ ഫോർമുല അംഗീകരിച്ചതോടെ സമരസമിതി സമരം അവസാനിപ്പിച്ചു. മന്ത്രി റോജി എം.ജോണും എം.എൽ.എമാർ അടക്കമുള്ളവർ പങ്കെടുത്ത ചർച്ചയിലാണ് ധാരണയായത്. സമരക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിക്കുകയായിരുന്നു. ചർച്ച വിജയിച്ചെന്നും തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ധാരണയായതായും യോഗത്തിന് ശേഷം മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.
പുതിയ ധാരണപ്രകാരം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ അവിടുന്ന് കുടിയിറക്കില്ല. തർക്കഭൂമിയുടെ ഉടമയായ ശങ്കരൻനായരുടെ സ്ഥലത്ത് നിന്ന് തന്നെ അഞ്ച് സെന്റ് വീതം ഭൂമി കുടുംബങ്ങൾക്ക് നൽകും. ഈ സ്ഥലത്ത് സർക്കാർ പുതിയ വീടുവെച്ച് നൽകാനാണ് തീരുമാനം. പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ നിലവിലുള്ള വീടുകളിൽ തന്നെ ഈ കുടുംബങ്ങൾക്ക് തുടരാം. ഒരു വർഷത്തിനകം വീട് പണി പൂർത്തിയാക്കുമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന ഉറപ്പ്.
ചർച്ചയിലെ തീരുമാനങ്ങൾ ഔദ്യോഗിക കരാറാക്കി മാറ്റുകയും വരുംദിവസങ്ങളിൽ ഹൈക്കോടതിയെ ഇത് അറിയിക്കുകയും ചെയ്യും. കൂടാതെ കുടിയിറക്കലിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി സമരക്കാർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും ധാരണയായിട്ടുണ്ട്. വീട് പണി പൂർത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആർ.ഡി.ഒ, ഡി.വൈ.എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. തങ്ങൾക്ക് ആ ഭൂമിയിൽ തന്നെ ജീവിക്കണമെന്ന പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ തൃപ്തിയോടെ സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.
മലയിടംതുരുത്ത് കുടിയിറക്കൽ പ്രശ്നത്തിൽ സമവായം; ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കില്ല, സർക്കാർ പുതിയ വീട് നിർമ്മിച്ച് നൽകും
