വാഷിംഗ്ടൺ: യുഎസ്- ഇറാൻ സമാധാന കരാർ ഞായറാഴ്ച (ജൂൺ 14) ഒപ്പുവയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് എല്ലാവർക്കും വേണ്ടി ഉടനടി തുറക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുള്ള മാറ്റങ്ങൾക്കും കാരണമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലിട്ട പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
നിർദ്ദിഷ്ട കരാർ ഇറാന്റെ ആണവ മോഹങ്ങളെ തടയുമെന്നും മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് 2015ൽ ഉണ്ടാക്കിയ കരാറിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ഇനി ഒരുകാലത്തും ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പുതിയ ഡീൽ എന്ന് ട്രംപ് വ്യക്തമാക്കി. ഈ കരാറിനെ അണുവായുധങ്ങൾക്ക് മുന്നിലുള്ള ഒരു 'ശക്തമായ മതിൽ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിലയ്ക്ക് വാങ്ങിയോ, സ്വന്തമായി വികസിപ്പിച്ചോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും തരത്തിലുള്ള സംഭരണ മാർഗ്ഗങ്ങളിലൂടെയോ ഇറാൻ ഇനി ആണവായുധങ്ങൾക്കായി ശ്രമിക്കില്ലെന്ന് കരാറിലൂടെ ഉറപ്പുനൽകുന്നുണ്ട്.
ഭാവിയിൽ ഇറാനുമായും ഒപ്പം മിഡിൽ ഈസ്റ്റുമായും ദീർഘകാലം സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഈ പ്രക്രിയകളെല്ലാം വളരെ വേഗത്തിലും എളുപ്പത്തിലും സുഗമമായും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു." - ട്രംപ് പറഞ്ഞു.
മുൻ ഡെമോക്രാറ്റിക് ഭരണകൂടങ്ങളുടെ വിദേശനയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ട്രംപ് പുതിയ കരാറിന്റെ പ്രത്യേകതകൾ വ്യക്തമാക്കിയത്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിനായി നൂറുകണക്കിന് ബില്യൺ ഡോളറുകൾ നൽകേണ്ടി വന്നിരുന്നുവെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. അന്ന് 1.7 ബില്യൺ ഡോളർ അവർക്ക് കൈമാറിയിരുന്നു. എന്നാൽ താൻ കൊണ്ടുവരുന്ന പുതിയ കരാറിൽ അത്തരം പണമിടപാടുകൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നും, ഒരു ഡോളർ പോലും ഇരുരാജ്യങ്ങളും തമ്മിൽ കൈമാറില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാൻ- യു.എസ് സമാധാന കരാർ ഇന്നു തന്നെ ഒപ്പുവയ്ക്കുമെന്ന് ട്രംപ്
