നാസ: ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യ യാത്രയ്ക്കിടെ ഒറിയൺ പേടകത്തിൽ ചെറിയൊരു ഗന്ധം അനുഭവപ്പെട്ടതായി സംഘാംഗങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും അപകടസൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് നാസ അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ ഉണ്ടായ ഈ സംഭവത്തെ തുടർന്ന് ഫ്‌ളൈറ്റ് ടീം വൈദ്യുതി, ഹീറ്റർ സംവിധാനങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോൾ യാതൊരു അസാധാരണതയും കണ്ടെത്താനായില്ലെന്ന് ഒറിയൺ ഉപപ്രോഗ്രാം മാനേജർ ഡെബ്ബീ കോർത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇതേ സ്വഭാവത്തിലുള്ള ഗന്ധം ഭൂമിയിലെ പരിശോധനകളിലും മുൻപ് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ചില മെക്കാനിക്കൽ ഘടകങ്ങളോ ഉപയോഗിച്ചിരിക്കുന്ന ടേപ്പുകൾ പോലുള്ള വസ്തുക്കളോ കാരണമാകാമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ അപകടകരമായ സാഹചര്യമൊന്നുമില്ലെന്നാണ് നാസയുടെ വിലയിരുത്തൽ.
ഇതിനിടെ, ദൗത്യത്തിന്റെ പ്രധാന ഘട്ടമായ ചന്ദ്രനോട് അടുത്തുള്ള പറക്കൽ തിങ്കളാഴ്ച നടക്കും. ഇതോടെ മനുഷ്യർ നേരിട്ട് കാണാത്ത ചന്ദ്രന്റെ ഭാഗങ്ങൾ സംഘം കാണാനിടയുണ്ടെന്ന് നാസ അറിയിച്ചു. കെൽസി യൂങ് വ്യക്തമാക്കിയതുപോലെ, മുൻകാല അപ്പോളോ ദൗത്യ സമയത്ത് പ്രകാശമുള്ള ഭാഗങ്ങളിലേക്കായിരുന്നു യാത്രകൾ ക്രമീകരിച്ചിരുന്നത്. അതിനാൽ ചന്ദ്രന്റെ മറുഭാഗത്തിലെ ചില ഭൂപ്രദേശങ്ങൾ മനുഷ്യർക്കിതുവരെ അപരിചിതമാണ്.
അതേസമയം, റോബോട്ടിക് പേടകങ്ങൾ പകർത്തിയ ചില പ്രദേശങ്ങളും ഇപ്പോൾ മനുഷ്യരുടെ കണ്ണിലൂടെ നേരിട്ട് കാണാൻ കഴിയുന്ന അവസരമാണിതെന്ന് ജോൺ ഹണികട്ട് ചൂണ്ടിക്കാട്ടി. ദൗത്യത്തിനിടെ ഏകദേശം 53 മിനിറ്റ് നീളുന്ന സൂര്യഗ്രഹണവും സംഘം അനുഭവിക്കും.
ദൗത്യത്തിന്റെ ഭാഗമായി ഒറിയൺ പേടകത്തിന്റെ പുതിയ ഹൈറസല്യൂഷൻ 'സെൽഫി'യും നാസ പുറത്തുവിട്ടു. സോളാർ പാനൽ ഭാഗത്ത് ഘടിപ്പിച്ച ക്യാമറയിലൂടെയാണ് ചിത്രം പകർത്തിയത്. നാലാം ദിവസത്തെ പരിപാടികളിൽ, സംഘാംഗമായ വിക്ടർ ഗ്ലോവർ പേടകത്തിന്റെ മാനുവൽ നിയന്ത്രണം ഏറ്റെടുത്ത് ദൂരാന്തര ബഹിരാകാശത്തിൽ നിയന്ത്രണപരിശോധന നടത്തും. കൂടാതെ പേടകത്തിനുള്ളിലെ ശബ്ദനില പരിശോധിക്കാൻ 24 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷണവും നടക്കും.
ഇതിനിടെ, 'പിങ്ക് പോണി ക്ലബ്' എന്ന ഗാനത്തോടെ സംഘത്തെ ഉണർത്തിയതായും നാസ അറിയിച്ചു. കമാൻഡർ റീഡ് വൈസ്മാനും സംഘാംഗം ക്രിസ്റ്റിന കോച്ചും ഭൂമിയിലെ കാഴ്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഒറിയൺ പേടകത്തിൽ 'ഗന്ധം'; അപകടസൂചനയില്ലെന്ന് നാസ - ചന്ദ്രന്റെ അപൂർവ ദൃശ്യങ്ങൾക്കായി ആർടെമിസ് സംഘം സജ്ജം
