ജക്കാര്‍ത്ത: ആപ്പിള്‍ ഐഫോണ്‍ 16ന്റെ ഉപയോഗവും വില്‍പ്പനയും ഇന്തോനേഷ്യ നിരോധിച്ചു. കമ്പനിയുടെ വാഗ്ദാനങ്ങള്‍ പാഴായതോടെയാണ് തീരുമാനം. വിദേശകാര്യമന്ത്രി ആഗസ് ഗുമിവാങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ലെന്നതാണ് ഐഫോണ്‍ നിരോധിക്കുന്നതിനുള്ള കാരണമായി ഇന്തോനേഷ്യ ചൂണ്ടിക്കാണിക്കുന്നത്. വിദേശത്ത് നിന്ന് ഐഫോണ്‍ 16 ഇന്തോനേഷ്യയിലേക്ക് കൊണ്ടുവരാനും സാധിക്കില്ല. രാജ്യത്ത് ആരെങ്കിലും നിരോധിച്ച ഐഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്തോനേഷ്യയില്‍ ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടപ്പാക്കിയിരുന്നില്ല. ഇതോടെയാണ് ഭരണകൂടം ഇടഞ്ഞത്. ഇന്തോനേഷ്യയില്‍ പ്രാദേശികതല പ്രവര്‍ത്തനങ്ങള്‍ക്കായി 14.75 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്നായിരുന്നു ആപ്പിളിന്റെ വാഗ്ദാനം. ആപ്പിള്‍ അക്കാദമീസ് ആരംഭിക്കുമെന്നും ആപ്പിള്‍ മേധാവി ടിം കുക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതൊന്നും നടപ്പാകാതെ പോയതോടെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് രാജ്യത്തു നിന്നും പുറത്താക്കുകയായിരുന്നു.
ഇന്തോനേഷ്യയില്‍ വില്‍ക്കുന്ന ഉപകരണങ്ങളുടെ 40 ശതമാനം ഘടകങ്ങളും രാജ്യത്തു തന്നെ നിര്‍മിച്ചതായിരിക്കണം. എന്നാല്‍ ഐഫോണ്‍ 16ന് ഇതുവരെ ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഐഫോണിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് പത്തും ഇന്തോനേഷ്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിട്ടില്ല.