ജാക്‌സണ്‍ സിനഗോഗിലെ തീവയ്പ്പ്: 19കാരനെതിരെ സംസ്ഥാനതല വിദ്വേഷക്കുറ്റം ചുമത്തി കുറ്റപത്രം

ജാക്‌സണ്‍ സിനഗോഗിലെ തീവയ്പ്പ്:  19കാരനെതിരെ സംസ്ഥാനതല വിദ്വേഷക്കുറ്റം ചുമത്തി കുറ്റപത്രം


ജാക്‌സണ്‍ (മിസിസിപ്പി): മിസിസിപ്പിയിലെ ജാക്‌സണിലുള്ള ഏക ജൂത ആരാധനാലയമായ ബെത്ത് ഇസ്രായേല്‍ കോണ്‍ഗ്രിഗേഷന്‍ സിനഗോഗില്‍ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട കേസില്‍ 19കാരനായ യുവാവിനെതിരെ സംസ്ഥാനതലത്തില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം. സിനഗോഗിന്റെ 'ജൂത ബന്ധം' ലക്ഷ്യമിട്ടുള്ള വിദ്വേഷകുറ്റകൃത്യമാണിതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയതായി ജില്ലാ അറ്റോര്‍ണി ജോഡി ഓവന്‍സ് രണ്ടാമന്‍ അറിയിച്ചു.

ഹിന്‍ഡ്‌സ് കൗണ്ടി ഗ്രാന്‍ഡ് ജൂറിയാണ് സ്റ്റീഫന്‍ സ്‌പെന്‍സര്‍ പിറ്റ്മാന്‍ എന്ന യുവാവിനെ ഗുരുതരമായ തീവയ്പ്പ് (ഫസ്റ്റ് ഡിഗ്രി ആഴ്‌സണ്‍) കുറ്റത്തിനൊപ്പം ഹേറ്റ് ക്രൈം എന്‍ഹാന്‍സ്‌മെന്റും ചുമത്തി കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയുണ്ടായ തീപിടിത്തത്തില്‍ സിനഗോഗിന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മതവൈരാഗ്യം പ്രേരകമായ കുറ്റകൃത്യമാണെന്ന ആരോപണമാണ് കേസിനെ മിസിസിപ്പി നിയമപ്രകാരം ഏറ്റവും ഗുരുതരമായ അഗ്‌നിക്കേട് കേസുകളിലൊന്നാക്കി മാറ്റുന്നതെന്ന് ജില്ലാ അറ്റോര്‍ണി വ്യക്തമാക്കി.

മതസ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള വെറുപ്പുകുറ്റങ്ങള്‍ സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും സ്വതന്ത്രമായി ആരാധിക്കാനുള്ള അവകാശത്തെയും വെല്ലുവിളിക്കുന്നതാണെന്നും, ഇത്തരം കേസുകളില്‍ കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഓവന്‍സ് പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ പിറ്റ്മാനെ 60 വര്‍ഷം വരെ തടവിന് വിധിക്കാമെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന കുറ്റങ്ങള്‍ പ്രഖ്യാപിച്ചതിന് ഒരു ദിവസം മുന്‍പാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പിറ്റ്മാനെതിരെ അന്തര്‍സംസ്ഥാന വ്യാപാരവുമായി ബന്ധമുള്ള സ്വത്ത് നശിപ്പിച്ചെന്നാരോപിച്ച് തീവയ്പ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനഗോഗില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ്രിംഗ്/വോള്‍ഡന്‍ബര്‍ഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൗതേണ്‍ ജ്യൂയിഷ് ലൈഫ് (ISJL) 13 സംസ്ഥാനങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നതിനാല്‍ ഫെഡറല്‍ നിയമം ബാധകമാണെന്ന് എഫ്ബിഐ വിശദീകരിച്ചു.

എഫ്ബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം, പിറ്റ്മാന്‍ പെട്രോള്‍ വാങ്ങി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നീക്കംചെയ്ത് സിനഗോഗിലെ ഒരു ജനല്‍ തകര്‍ത്ത ശേഷം അകത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിനിടെ തനിക്ക് തീപ്പൊള്ളലേറ്റതായും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. സിനഗോഗിനകത്തെ സിസിടിവി ദൃശ്യങ്ങളില്‍, തല മൂടിയ ഒരാള്‍ പെട്രോള്‍ കുപ്പിയുമായി കെട്ടിടത്തിനകത്ത് നടക്കുന്നതും തീപിടിത്തം ആരംഭിക്കുന്നതും വ്യക്തമാണ്.

പിറ്റ്മാന്റെ പിതാവാണ് മകന്റെ സമ്മതം അറിയിച്ച് എഫ്ബിഐയെ സമീപിച്ചത്. തീപിടിത്തത്തെക്കുറിച്ച് മകന്‍ പരിഹാസത്തോടെ സംസാരിച്ചതായും, 'അവരെ ഒടുവില്‍ കിട്ടി ' എന്ന രീതിയില്‍ സന്ദേശങ്ങള്‍ അയച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. പിന്നീട് മകന്റെ കൈകളിലും കാലുകളിലും മുഖത്തും പൊള്ളലേറ്റ പാടുകള്‍ കണ്ടതായും പിതാവ് മൊഴി നല്‍കി.

1967ല്‍ കു ക്ലക്‌സ് ക്ലാന്‍ ബോംബാക്രമണം നടത്തിയ അതേ ചരിത്രപ്രസിദ്ധ സിനഗോഗിലാണ് വീണ്ടും ആക്രമണമുണ്ടായത് എന്നതും സംഭവത്തിന് കൂടുതല്‍ ഗൗരവം നല്‍കുന്ന ഘടകമാണ്. ജൂത സമൂഹത്തെ ഭീഷണിപ്പെടുത്താന്‍ ലക്ഷ്യമിട്ട ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.