എപ്സ്റ്റീൻ ഫയലുകൾ മുഴുവൻ പുറത്തുവിട്ടുവെന്ന അവകാശവാദത്തിൽ വിവാദം; പാം ബോണ്ടിക്കെതിരെ വിമർശനം

എപ്സ്റ്റീൻ ഫയലുകൾ മുഴുവൻ പുറത്തുവിട്ടുവെന്ന അവകാശവാദത്തിൽ വിവാദം; പാം ബോണ്ടിക്കെതിരെ വിമർശനം


വാഷിംഗ്ടൺ: വിവാദ വ്യവസായി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിട്ടുവെന്ന യുഎസ് നീതിന്യായ വകുപ്പ് (DoJ) പ്രഖ്യാപനം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. അറ്റോർണി ജനറൽ പാം ബോണ്ടിയും ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിൽ, 'എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പാരൻസി ആക്ട്' അനുസരിച്ച് വകുപ്പിന്റെ കൈവശമുള്ള എല്ലാ രേഖകളും പുറത്തുവിട്ടുവെന്ന് അറിയിച്ചു. എന്നാൽ ഈ വെളിപ്പെടുത്തൽ പര്യാപ്തമല്ലെന്ന നിലപാടിലാണ് നിയമ നിർമാണത്തിൽ പങ്കെടുത്ത ചില നിയമസഭാംഗങ്ങൾ.

 അന്വേഷണവുമായി ബന്ധപ്പെട്ട ആഭ്യന്തര മെമ്മോകളും, എപ്സ്റ്റീനെയും സഹപ്രവർത്തകരെയുംതിരെ കേസെടുക്കണമോ വേണ്ടയോ എന്ന തീരുമാനങ്ങളിലെ കുറിപ്പുകളും ഇമെയിലുകളും കൂടി പുറത്തുവിടണമെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസി ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക് അംഗമായ റോ ഖന്നയും സമാനമായ വിമർശനമാണ് ഉന്നയിച്ചത്. 'പീഡകരെ സംരക്ഷിക്കുന്നത് നിർത്തി മുഴുവൻ ഫയലുകളും പുറത്തുവിടണം; രക്ഷിതാക്കളുടെ പേരുകൾ മാത്രം മറച്ചുവയ്ക്കുക,' എന്നായിരുന്നു ഖന്നയുടെ പ്രതികരണം.

ഈ മാസം തുടക്കത്തിൽ മില്യൺകണക്കിന് പുതിയ രേഖകൾ പുറത്തുവിട്ടിരുന്നു. കത്തിൽ, ന്യൂയോർക്കിലെ സൗത്ത് ഡിസ്ട്രിക്ട് കോടതിയിൽ നടന്ന എപ്സ്റ്റീൻ, മാക്‌സ്വെൽ കേസുകളുമായി ബന്ധപ്പെട്ട രേഖകളടക്കം ഒമ്പത് വിഭാഗങ്ങളിലായി ഉള്ള എല്ലാ രേഖകളും പുറത്തുവിട്ടുവെന്നാണ് നീതി-ന്യായ വകുപ്പ് വ്യക്തമാക്കിയത്. 'അപകീർത്തി, പൊളിറ്റിക്കൽ സെൻസിറ്റിവിറ്റി തുടങ്ങിയ കാരണങ്ങളാൽ ഒന്നും മറച്ചുവച്ചിട്ടില്ല' എന്നും കത്തിൽ പറയുന്നു.

എന്നാൽ പുറത്തുവിട്ട പട്ടികയിൽ നിരവധി പ്രമുഖരുടെ പേരുകൾ ഉൾപ്പെട്ടത് വിവാദം ശക്തമാക്കി.  പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വ്യവസായി ബിൽ ഗേറ്റ്‌സ്, ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻസർ , മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ എന്നിവരുടെ പേരുകൾ പട്ടികയിൽ ഉണ്ടെങ്കിലും, രേഖകളിൽ പേര് പ്രത്യക്ഷപ്പെട്ടത് മാത്രം കുറ്റസമ്മതം സൂചിപ്പിക്കുന്നതല്ലെന്നും ഇവർക്ക് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന സൂചനയില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

അതേസമയം 1970ൽ മരിച്ച ഗായിക ജാനിസ് ജോപ്ലിൻ, 1977ൽ അന്തരിച്ച  എൽവിസ് പ്രെസ്ലി എന്നിവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെട്ടത് ചർച്ചയായി. 'എപ്സ്റ്റീന് 17 വയസ്സായിരിക്കുമ്പോൾ മരിച്ച ജാനിസ് ജോപ്ലിനെയും, നൂറുകണക്കിന് യുവതികളെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട ലാറി നാസറിനെയും ഒരേ പട്ടികയിൽ വിശദീകരണമില്ലാതെ ചേർക്കുന്നത് അസംബന്ധമാണ്,' എന്നാണ് ഖന്നയുടെ വിമർശനം.

മുമ്പ് പുറത്തുവിട്ട രേഖകളിൽ ചിലത് അമിതമായി റെഡാക്ട് (മറച്ചുപിടിക്കൽ) ചെയ്തതായും, ചില രേഖകളിൽ ഇരകളുടെ തിരിച്ചറിയൽ വിവരങ്ങൾ അബദ്ധത്തിൽ പുറത്തുവന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന്  'സാങ്കേതികമോ മാനുഷികമായ പിഴവുകൾ' കാരണമാണെന്ന് വിശദീകരിച്ച നീതിന്യായ വകുപ്പ് ബന്ധപ്പെട്ട രേഖകൾ പിൻവലിച്ചിരുന്നു.

എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നീതി-ന്യായ വകുപ്പിന്റെ നടപടികൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമ്പോൾ, 'മുഴുവൻ സത്യാവസ്ഥ പുറത്തുവിടുക' എന്ന ആവശ്യമാണ് കോൺഗ്രസിൽ ശക്തമാകുന്നത്.