ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിൽ ചൈന രഹസ്യമായി നിർമ്മിക്കുന്ന ആണവായുധ കേന്ദ്രങ്ങൾ വൻതോതിൽ വിപുലീകരിച്ചിരിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതായി റിപ്പോർട്ട്. 2022 മുതൽ 2026 വരെ എടുത്ത ഉപഗ്രഹ ദൃശ്യങ്ങളുടെ ജിയോ-സ്‌പേഷ്യൽ വിശകലനത്തിലാണ് നിർണായക കണ്ടെത്തലുകൾ. അമേരിക്കൻ മാധ്യമമായ ദ ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ജിയോ-സ്‌പേഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ റെനി ബാബിയാർസ് പങ്കുവച്ച വിവരങ്ങൾ പ്രകാരം, 2019 മുതൽ ചൈനയുടെ ആണവ ശേഷി വർധന വേഗം കൂട്ടിയിരിക്കുകയാണ്.
സിച്ചുവാനിലെ 'സിറ്റോങ്' എന്നറിയപ്പെടുന്ന പ്രദേശത്ത് പുതുതായി നിർമിച്ച ബങ്കറുകളും പ്രതിരോധ മതിലുകളും ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. താഴ് വരയിലുള്ള ഈ കേന്ദ്രത്തിൽ വിപുലമായ പൈപ്പ് ലൈൻ സംവിധാനമുള്ള പുതിയ സമുച്ചയം നിർമ്മിച്ചതായി കാണുന്നു. അപകടകാരിയായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങൾക്ക് സമാനമായ അടിസ്ഥാന സൗകര്യങ്ങളാണിതെന്ന് വിശകലന വിദഗ്ധർ വിലയിരുത്തുന്നു.
ബങ്കറുകൾ ഉയർന്ന സ്‌ഫോടക വസ്തുക്കളുടെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആണവ വാർഹെഡിലെ ആണവ വസ്തുവിനെ കേന്ദ്രീകരിച്ച് സ്‌ഫോടനം നടത്താൻ ആവശ്യമായ രാസ ഡിറ്റോണേറ്ററുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഇത്തരം പരീക്ഷണങ്ങൾ നിർണായകമാണ്. സ്‌ഫോടന തരംഗം ഏകസമയത്ത് കേന്ദ്രത്തിലേക്ക് അടിച്ചുകയറുന്ന സംവിധാനങ്ങൾ കൃത്യതയോടെ വികസിപ്പിക്കാൻ ബ്ലാസ്റ്റ് ടെസ്റ്റുകൾ അനിവാര്യമാണെന്ന് ഹാർവാർഡ് കെന്നഡി സ്‌കൂളിലെ ഗവേഷകനായ ഭൗതികശാസ്ത്രജ്ഞൻ ഹുയ് ഝാങ്, വിലയിരുത്തി.
സിച്ചുവാനിലെ തന്നെ 'പിംഗ്‌ടോങ്' എന്ന ഇരട്ട വേലികെട്ടുള്ള കേന്ദ്രത്തിലും പ്രവർത്തനം തുടരുന്നതായി ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. 360 അടി ഉയരമുള്ള വെന്റിലേഷൻ ചിമ്‌നിയുള്ള പ്രധാന കെട്ടിടം ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ ആണവ വാർഹെഡുകളുടെ പ്ലൂട്ടോണിയം കോറുകൾ നിർമ്മിക്കപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷങ്ങളിൽ കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങളും പുതിയ ചൂട് വിതരണ സംവിധാനങ്ങളും ചേർത്തതായി ദൃശ്യങ്ങളിൽ കാണുന്നു. പ്രധാന കെട്ടിടത്തിനോട് ചേർന്ന് അധിക നിർമാണവും പുരോഗമിക്കുകയാണ്.
പിംഗ്‌ടോങ് സമുച്ചയത്തിന്റെ ആർക്കിടെക്ചർ രൂപരേഖ മറ്റ് രാജ്യങ്ങളിലെ ആണവ വോർഹെഡ് 'പിറ്റ്' നിർമ്മാണ കേന്ദ്രങ്ങളുമായി സാമ്യമുള്ളതാണെന്ന് ബാബിയാർസ് വിലയിരുത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ ആണവ ശേഷി വികസനത്തെ കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്കകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് പുതിയ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്.
ചൈന രഹസ്യ ആണവ കേന്ദ്രങ്ങൾ വിപുലീകരിക്കുന്നു; സിച്ചുവാനിലെ അതിവേഗ നിർമാണത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
