യുക്രെയ്‌നിന്റെ മുൻ ഊർജമന്ത്രി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ

യുക്രെയ്‌നിന്റെ മുൻ ഊർജമന്ത്രി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ


കീവ്: അളിമതി ആരോപണം നേരിടുന്ന മുൻ യുക്രെയ്ൻ ഊർജമന്ത്രി ജർമൻ ഗാലുഷ്‌ചെങ്കോ രാജ്യത്ത് നിന്ന് ട്രെയിനിൽ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ പിടിയിലായതായി അധികൃതർ അറിയിച്ചു. യുക്രെയ്‌നിലെ ദേശീയ അഴിമതി വിരുദ്ധ ബ്യൂറോ (നാബു) ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് 'രാജ്യാതിർത്തി കടക്കുന്നതിനിടെ' മുൻ മന്ത്രിയെ കസ്റ്റഡിയിലെടുത്തതായി വ്യക്തമാക്കിയത്. 'ഓപ്പറേഷൻ മിഡാസ്' എന്ന പേരിൽ 15 മാസമായി നടന്നുവരുന്ന വൻ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

100 മില്യൺ ഡോളർ (ഏകദേശം 75 മില്യൺ പൗണ്ട്) തട്ടിപ്പ് കേസിൽ നിരവധി സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ ഗാലുഷ്‌ചെങ്കോയുടെ പേരും ഉയർന്നിരുന്നു. ദേശീയ ആണവോർജ്ജ സ്ഥാപനമായ എനർജോട്ടമിൽ കരാറുകാർ നൽകിയ തുകയിലെ 10 മുതൽ 15 ശതമാനം വരെ കമ്മീഷനായി സമാഹരിച്ചുവെന്നാണ് ആരോപണം. ഈ തുക പിന്നീട് മണിലോണ്ടറിംഗിലൂടെ രാജ്യത്തിന് പുറത്തേക്കു, റഷ്യയിലേക്കും മാറ്റിയെന്നാണ് നാബുവിന്റെ ആരോപണം. പണം നിറച്ച ബാഗുകളുടെ ചിത്രങ്ങളും അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.

മുൻപ് നീതിന്യായ മന്ത്രിയായും പ്രവർത്തിച്ച ഗാലുഷ്‌ചെങ്കോ, മൂന്ന് വർഷം ഊർജമന്ത്രിയായിരുന്ന ശേഷം കഴിഞ്ഞ നവംബറിൽ സ്ഥാനമൊഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായ സ്വിറ്റ്‌ലാന ഹ്രിൻചുകും വിവാദത്തിൽ കുടുങ്ങി രാജിവെച്ചിരുന്നു. ചോദ്യം ചെയ്യലിനായി ഗാലുഷ്‌ചെങ്കോയെ കീവിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാൻ ശ്രമിച്ചാൽ അറിയിക്കണമെന്ന നിർദേശം നൽകിയിരുന്നുവെന്നാണ് വിവരങ്ങൾ.

അഴിമതി വിവാദം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ ഭരണകൂടത്തെയും സമ്മർദ്ദത്തിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവായ ആൻഡ്രി യർമാർക് വീട്ടിൽ നടന്ന റെയ്ഡിനെ തുടർന്ന് രാജിവെച്ചെങ്കിലും പ്രസിഡന്റിനെയോ യർമാക്കിനോ എതിരെ കുറ്റം ചുമത്തപ്പെട്ടിട്ടില്ല.

റഷ്യൻ ആക്രമണത്തെ തുടർന്ന് 2022 മുതൽ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നിർത്തിവച്ചിരിക്കെ അഴിമതിവിവാദം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. യൂറോപ്യൻ യൂണിയൻ അംഗത്വ ലക്ഷ്യത്തിലേക്കുള്ള യുക്രെയ്‌നിന്റെ യാത്രയിൽ അഴിമതി നിയന്ത്രണം നിർണായകമാണെന്ന വിലയിരുത്തലും ശക്തമാകുന്നു.

റഷ്യൻ ആക്രമണങ്ങൾ മൂലം ഊർജമേഖല തകർച്ച നേരിടുന്ന ഘട്ടത്തിലാണ് ഈ അഴിമതി കേസുകൾ പുറത്തുവന്നത്. കനത്ത ശൈത്യകാലം മുന്നിൽ കണ്ട് രാജ്യത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന സമയത്തുണ്ടായ വെളിപ്പെടുത്തലുകൾ ജനരോഷം ശക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും നാബു അറിയിച്ചു.