ബാങ്ക് പിഴകൾക്കെതിരെ ബംഗളൂരു മലയാളിയുടെ പോരാട്ടം; ആദിവാസി തൊഴിലാളികൾക്കായി ഉയർന്ന ശബ്ദം നയപരിഷ്‌കരണത്തിന് കാരണമായി

ബാങ്ക് പിഴകൾക്കെതിരെ ബംഗളൂരു മലയാളിയുടെ പോരാട്ടം; ആദിവാസി തൊഴിലാളികൾക്കായി ഉയർന്ന ശബ്ദം നയപരിഷ്‌കരണത്തിന് കാരണമായി


ബംഗളൂരു: ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ആയ ആയിരം രൂപപോലും നിലനിർത്താൻ കഴിയാത്ത കാരണത്താൽ 800 രൂപ മുതൽ ആയിരം രൂപ വരെ പിഴയായി നൽകേണ്ടിവരുന്നവർ ധാരാളമാണ്. മിക്കവാറും കുറഞ്ഞ ശമ്പളം പറ്റുന്ന സാധാരണക്കാരായ ഉപഭോക്താക്കളാണ് ബാങ്കുകളുടെ ഇത്തരം തീവെട്ടിക്കൊള്ളയ്ക്ക് ഇരകളാക്കപ്പെടുന്നത്. എന്നാൽ ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടായിരിക്കുകയാണിപ്പോൾ.  ബാങ്ക് സേവിങ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് പാലിക്കാത്തതിനുള്ള പിഴ ഈടാക്കൽ നിർത്തണമെന്ന് പാർലമെന്ററി സമിതി ബാങ്കുകൾക്ക് ശുപാർശ നൽകിയിരിക്കുകയാണ്. എന്നാൽ അതിനു പിന്നിലെ പരിശ്രമവും പോരാട്ടവും ഒരു മലയാളിയുടേതാണ് എന്നറിയാവുന്നവർ എത്രപേരുണ്ടാകും?
 തിരുവനന്തപുരം വലിയശാല സ്വദേശി പരമേശ്വരൻ കൃഷ്ണ അയ്യരുടെ ഇടപെടലാണ് വിഷയത്തെ ദേശീയ ശ്രദ്ധയാകർഷിച്ചതും പരിഹാരത്തിലെത്തിച്ചതും.
മുളയും മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളും ഉപയോഗിച്ച് ജീവിതശൈലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ബാംബു പെക്കർഎന്ന സംരംഭത്തിന്റെ സ്ഥാപകനാണ് പരമേശ്വരൻ. 2008ൽ ആരംഭിച്ച കമ്പനി മുഖ്യമായി ആദിവാസി സമൂഹങ്ങളിൽപ്പെട്ട, പരിമിത വിദ്യാഭ്യാസമുള്ള തൊഴിലാളികൾക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. ശമ്പളം ബാങ്ക് അക്കൗണ്ടിലൂടെ നൽകാൻ തുടങ്ങിയപ്പോളാണ് തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക നഷ്ടം അദ്ദേഹത്തെ നടുക്കിയത്.

ശമ്പളം അക്കൗണ്ടിൽ എത്തിയ ഉടൻ ഭൂരിഭാഗം തൊഴിലാളികളും വീട്ടിലേക്കു പണം അയക്കാൻ മുഴുവൻ തുകയും പിൻവലിക്കാറുണ്ട്. അതോടെ മാസത്തിന്റെ മിക്ക ദിവസങ്ങളിലും അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിൽക്കില്ല. അടുത്ത ശമ്പളം എത്തുമ്പോഴേക്കും 800 രൂപ മുതൽ 1,000 രൂപവരെ പിഴയായി കുറയുന്നതായി കണ്ടെത്തി. മാസം 15,000 രൂപ മുതൽ 20,000 രൂപ വരെ മാത്രം സമ്പാദിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയായിരുന്നു.

'1,000 രൂപനഷ്ടമാകുന്നത് അവരുടെ കുടുംബ ബജറ്റിനെ തകർക്കും. വായ്പയ്ക്ക് 4-7 ശതമാനം പലിശ ഈടാക്കുന്ന ബാങ്കുകൾ, 1,000 രൂപ അക്കൗണ്ടിൽ ഇല്ലാത്തതിന്റെ പേരിൽ 800 രൂപമുതൽ 1,000 രൂപവരെ പിഴ ഈടാക്കുന്നത് അനീതിയാണ്,' എന്നാണ് പരമേശ്വരന്റെ നിലപാട്.

വിഷയത്തിൽ വിശദമായ പഠനം നടത്തിയ ശേഷം 2024 ഏപ്രിലിൽ ലോക്‌സഭ സ്പീക്കർക്കു ഔദ്യോഗികമായി പരാതി സമർപ്പിച്ചു. പരാതി സ്വീകരിച്ചത് സംബന്ധിച്ച് മറുപടി ലഭിച്ചില്ലെങ്കിലും, 'ശബ്ദമില്ലാത്തവർക്കായി എന്തെങ്കിലും ചെയ്തുവെന്ന സന്തോഷം' ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ പരാതി ലോക്‌സഭ പെറ്റീഷൻസ് കമ്മിറ്റി പരിഗണിച്ചു. ധനമന്ത്രാലയത്തിന്റെ കണക്കുകൾ പരിശോധിച്ച സമിതി, 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ബാങ്കുകൾ 4,817.9 കോടി രൂ ഈയിനത്തിൽ പിഴയായി ഈടാക്കിയതായി കണ്ടെത്തി. 2020 മുതൽ 2025 വരെ പൊതുമേഖല ബാങ്കുകൾ 11,535.99 കോടി രൂപയാണ് പിഴയിനത്തിൽ സമാഹരിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലയും സ്വകാര്യ മേഖലയുമടക്കമുള്ള എല്ലാ ബാങ്കുകളും മിനിമം ബാലൻസ് പിഴ ഈടാക്കൽ നിർത്തണമെന്ന് സമിതി ശുപാർശ ചെയ്തു. പകരം റിവാർഡ് പോയിന്റുകൾ, ഫീസ് ഇളവ്, ആകർഷക പലിശ നിരക്കുകൾ തുടങ്ങിയ പ്രോത്സാഹന മാർഗങ്ങൾ സ്വീകരിക്കാമെന്നും നിർദേശിച്ചു. റിസർവ് ബാങ്കും ധനകാര്യ സേവന വകുപ്പും ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ശുപാർശ പുറത്തുവന്നപ്പോൾ തന്റെ ശ്രമം ഫലം കണ്ടുവെന്ന് പരമേശ്വരൻ തിരിച്ചറിഞ്ഞു. 'നമ്മളെ പോലുള്ള സാധാരണക്കാരനും മാറ്റം സൃഷ്ടിക്കാനാകുമെന്ന് ഇതു തെളിയിക്കുന്നു,' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരം വലിയശാല സ്വദേശിയായ പരമേശ്വരൻ 2008 വരെ ഓഹരി വിപണിയിലാണ് ജോലി ചെയ്തിരുന്നത്. തുടർന്ന് ബംഗളൂരുവിലേക്ക് മാറി. ബാംബു വ്യവസായം കേന്ദ്രീകരിച്ച് സംരംഭം തുടങ്ങാനുള്ള ആഗ്രഹം അദ്ദേഹം മുൻ രാഷ്ട്രപതി എപിജെ അബ്ദുൾകലാമിനോട് എഴുതി അറിയിച്ചിരുന്നു. ലഭിച്ച പ്രോത്സാഹന മറുപടിയാണ് ബാംബൂപെക്കറിന്റെ തുടക്കമെന്ന് അദ്ദേഹം പറയുന്നു.

2009ൽ ഔദ്യോഗികമായി സ്ഥാപിതമായ കമ്പനി ഇന്ന് രാജ്യത്തെ മുൻനിര ബാംബു അധിഷ്ഠിത സംരംഭങ്ങളിലൊന്നായി വളർന്നു. ഗ്രാമീണ ജീവിതോപാധി ശക്തിപ്പെടുത്തലും കരകൗശല വികസനവുമാണ് മാതൃക. ബംഗളൂരുവിൽ രണ്ടു യൂണിറ്റുകൾ പ്രവർത്തിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഛത്തീസ്ഗഢിലേക്കും തിരുവനന്തപുരത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. 'മൂന്ന് വർഷത്തേക്കുള്ള ഓർഡറുകൾ ഉറപ്പിച്ചിട്ടുണ്ട്; ആവശ്യക്കാർ ഏറെയാണ്,' എന്ന് പരമേശ്വരൻ പറയുന്നു.