ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം; 2025ൽ 1.19 കോടി യാത്രക്കാർ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം; 2025ൽ 1.19 കോടി യാത്രക്കാർ


ദുബായ്: 2025ൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) അന്താരാഷ്ട്ര യാത്രക്കാരിൽ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. എയർപോർട്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്ന് 1.19 കോടി (11.9 മില്യൺ) യാത്രക്കാരാണ് വർഷം മുഴുവൻ ഡിഎക്‌സ്ബിയിലൂടെ സഞ്ചരിച്ചത്. ആകെ 95.2 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്ത എയർപോർട്ട്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.1 ശതമാനം വളർച്ച രേഖപ്പെടുത്തി.

'ഇത് ഒറ്റപ്പെട്ട ഉയർച്ചയല്ല, സ്ഥിരതയാർന്ന റെക്കോർഡ് പ്രകടനമാണ് 2025ലും കാണാനായത്. ഏറ്റവും തിരക്കേറിയ ദിവസം, മാസം, പാദം, വർഷം-എല്ലാം റെക്കോർഡുകൾ സൃഷ്ടിച്ചു,' എന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഡിസംബർ 2025 എയർപോർട്ടിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായി; 8.7 മില്യൺ യാത്രക്കാരെയാണ് ദുബായ് എയർപോർട്ട് കൈകാര്യം ചെയ്തത്. 2024ലെ അതേ മാസത്തേക്കാൾ 6.1 ശതമാനം വർധന. നാലാം പാദത്തിൽ മാത്രം 25.1 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്ത് 5.9 ശതമാനം വളർച്ചയും രേഖപ്പെടുത്തി.

വിമാന സർവീസുകളിലും വർധനയുണ്ടായി. നാലാം പാദത്തിൽ 1,18,000 ഫ്‌ളൈറ്റ് മൂവ്‌മെന്റുകൾ രേഖപ്പെടുത്തി; വർഷം മുഴുവൻ 4,54,800 സർവീസുകൾ-3.3 ശതമാനം ഉയർച്ച. ഓരോ സർവീസിലും ശരാശരി 214 യാത്രക്കാരെന്ന ശക്തമായ ലോഡ് ഫാക്ടറും 77.6 ശതമാനം വാർഷിക സീറ്റ് ഫില്ലിങ്ങും നിലനിർത്താനായതായി ഡിഎക്‌സ്ബി അറിയിച്ചു.

രാജ്യങ്ങളനുസരിച്ച് നോക്കുമ്പോൾ, ഇന്ത്യയ്ക്ക് പിന്നാലെ സൗദി അറേബ്യ 7.5 മില്യൺ യാത്രക്കാരുമായി രണ്ടാം സ്ഥാനത്ത്. യുണൈറ്റഡ് കിംഗ്ഡം 6.3 മില്യൺ, പാകിസ്ഥാൻ 4.3 മില്യൺ, അമേരിക്ക 3.3 മില്യൺ യാത്രക്കാരുമായി തുടർന്നു. 2025 അവസാനം, 110 രാജ്യങ്ങളിലെ 291 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 108 അന്താരാഷ്ട്ര എയർലൈൻസുകൾ വഴി ഡിഎക്‌സ്ബി ബന്ധിപ്പിച്ചിരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.


ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം; 2025ൽ 1.19 കോടി യാത്രക്കാർ