ബ്രാറ്റിസ്ലാവ/ലണ്ടൻ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനി ജയിലിൽ കഴിയുന്നതിനിടെ വിഷപ്രയോഗം മൂലം മരിച്ചെന്ന യൂറോപ്യൻ രാജ്യങ്ങളുടെ റിപ്പോർട്ടിൽ അമേരിക്കക്ക് സംശയമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. റിപ്പോർട്ട് 'ഗൗരവകരം' ആണെന്നും അതിനെ ചോദ്യം ചെയ്യാനുള്ള കാരണമില്ലെന്നും അദ്ദേഹം സ്ലോവാക്യയിലെ ബ്രാറ്റിസ്ലാവയിൽ മാധ്യമങ്ങളോട് പറഞ്ഞു. സംയുക്ത പ്രസ്താവനയിൽ അമേരിക്ക പങ്കെടുത്തില്ലെങ്കിലും റിപ്പോർട്ടിനോട് വിയോജിപ്പില്ലെന്നാണ് വിശദീകരണം.
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലാൻഡ്‌സ് എന്നീ അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത ഏജൻസികളുടെ അന്വേഷണം, നവാൽനിയുടെ ശരീരത്തിൽ ഡാർട്ട് തവളകളിൽ കാണപ്പെടുന്ന 'എപിബാറ്റിഡിൻ' വിഷാംശം കണ്ടെത്തിയതായി ആരോപിച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ നവാൽനിയുടെ 'ഭീകരാധിപത്യത്തിനെതിരായ ധൈര്യത്തെ' ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, പ്രശംസിച്ചു. 'പുട്ടിന്റെ കൊലപാതക ലക്ഷ്യത്തെ'' യും അദ്ദേഹം പരാമർശിച്ചു. കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തിപ്പെടുത്തുന്നതും പരിഗണിക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു.
അതേസമയം റഷ്യ ആരോപണങ്ങൾ തള്ളി. ഇതെല്ലാം 'പാശ്ചാത്യ പ്രചാരണ നാടകമാത്രം' ആണെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രതികരിച്ചത്. പരിശോധനാഫലങ്ങളും രാസഘടകങ്ങളും പുറത്തുവന്ന ശേഷം മാത്രമേ പ്രതികരിക്കൂവെന്നും അവർ പറഞ്ഞു. നോർഡ് സ്ട്രീം സ്‌ഫോടന അന്വേഷണം പുരോഗമിക്കുമ്പോഴാണ് നവാൽനിയുടെ വിഷപ്രയോഗം വീണ്ടും ഉയർത്തിക്കാണിക്കുന്നതെന്ന് അവർ ആരോപിച്ചു. 'ഒരു തവളയെക്കുറിച്ചുള്ള ഈ കഥ വിശ്വസിക്കുന്നവർ ആരാണ്?' എന്ന ചോദ്യവുമായി ലണ്ടനിലെ റഷ്യൻ എംബസിയും പരിഹസിച്ചു.
47കാരനായ നവാൽനി, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായിരുന്നു. 19 വർഷത്തെ തടവുശിക്ഷ അനുഭവിക്കുമ്പോൾ 2024 ഫെബ്രുവരിയിൽ സൈബീരിയൻ ശിക്ഷാക്യാമ്പിലാണ് അദ്ദേഹത്തിന്റെ മരണം. 'റഷ്യയ്ക്കായിരുന്നു ഈ വിഷം ഉപയോഗിക്കാൻ ശേഷിയും ഉദ്ദേശവും അവസരവും ഉണ്ടായിരുന്നത്,' എന്നാണ് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് ആരോപിച്ചത്. ഭർത്താവിനെ ശാസ്ത്രീയമായി കൊലപ്പെടുത്തിയതാണെന്ന് നവാൽനിയുടെ ഭാര്യ യൂലിയ നവാൽനയയും പ്രതികരിച്ചു.
യൂറോപ്യൻ റിപ്പോർട്ടിന് അമേരിക്ക തുറന്ന പിന്തുണ നൽകിയ സാഹചര്യത്തിൽ, റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിക്കുമോ എന്ന ചോദ്യമാണ് അന്താരാഷ്ട്ര രാഷ്ട്രീയ വേദിയിൽ ഉയരുന്നത്.
നവാൽനിയുടെ മരണം 'വിഷപ്രയോഗം' തന്നെ; യൂറോപ്യൻ റിപ്പോർട്ടിനെ പിന്തുണച്ച് യുഎസും; റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധമോ?
