ഷിക്കാഗോ സ്കൂൾ ബോർഡ് ഒന്നടങ്കം രാജിവച്ചു; പുതിയ ബോർഡ് രൂപീകരിച്ച് മേയർ ജോൺസൻ

ഷിക്കാഗോ സ്കൂൾ ബോർഡ് ഒന്നടങ്കം രാജിവച്ചു; പുതിയ ബോർഡ് രൂപീകരിച്ച് മേയർ ജോൺസൻ


ഷിക്കാഗോ: അധ്യാപകരുടെ കരാർ വേതന-പെൻഷൻ ചിലവുകൾ നിർവഹിക്കാൻ 300 മില്യൺ ഡോളർ വായ്പയെടുത്ത് നൽകാനുള്ള ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൻറെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഷിക്കാഗോ ബോർഡ് ഓഫ് എജ്യുക്കേഷനിലെ ഏഴ് അംഗങ്ങളും വെള്ളിയാഴ്ച രാജി പ്രഖ്യാപിച്ചു. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ജോൺസൻ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂൾ ബോർഡ് പുനഃസംഘടിപ്പിച്ചു. 

കഴിഞ്ഞ വർഷം മേയർ ജോൺസൺ തന്നെ നേരിട്ട് തിരഞ്ഞെടുത്തവരാണ് രാജിവച്ച ബോർഡ് അംഗങ്ങൾ. മാസങ്ങളായി ഷിക്കാഗോ പബ്ലിക് സ്കൂൾ (സിപിഎസ്) സിഇഒ പെഡ്രോ മാർട്ടിനെസിനെ പുറത്താക്കാൻ ജോൺസൺ രാജ്യത്തെ നാലാമത്തെ വലിയ പബ്ലിക് സ്കൂൾ സംവിധാനമായ സിപിഎസിൻറെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തിവരുകയായിരുന്നു. സമ്മർദ്ദം താങ്ങാനാവാതെ വന്നതോടെയാണ് ബോർഡ് അംഗങ്ങൾ രാജിവച്ചത്.

ജോൺസൻ്റെ മുൻഗാമിയായ മുൻ മേയർ ലോറി ലൈറ്റ്ഫൂട്ടാണ് മാർട്ടിനെസിനെ 2021ൽ നിയമിച്ചത്. ഷിക്കാഗോ ടീച്ചസ് യൂണിയനുമായി (സിടിയു) എത്തിച്ചേർന്നിട്ടുള്ള കരാർ നടപ്പാക്കുന്നതിന് ആദ്യ വർഷത്തേക്ക് 300 മില്യൺ ഡോളർ ഉയർന്ന പലിശയുള്ള ഹ്രസ്വകാല വായ്പയെടുക്കണമെന്ന ജോൺസൻറെ നിർദ്ദേശത്തെ തുടർന്ന് മാർട്ടിനെസും സ്കൂൾ ബോർഡും ജോൺസണെതിരെ തിരിയുകയായിരുന്നു. അധിക വായ്പ നഗരത്തിൻ്റെ ഇപ്പോൾ തന്നെ ഏറെ ഉയർന്ന കടബാധ്യത വർദ്ധിപ്പിക്കുമെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.

പുതുതായി ആറ് സ്കൂൾ ബോർഡ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത ജോൺസൻ ഏഴാമത്തെ അംഗത്തെ ഉടൻ തന്നെ ഉൾപ്പെടുത്തുമെന്ന്  അറിയിച്ചിട്ടുണ്ട്. ഷിക്കാഗോ സ്കൂൾ ബോർഡിലേക്ക് ആദ്യമായി ഇലക്ഷൻ അടുത്തമാസം നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ഇലക്ഷനിൽ 21 അംഗ സ്കൂൾ ബോർഡ് നിലവിൽ വരും. തെരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യുന്നവരുമടങ്ങുന്ന ഈ ഹൈബ്രിഡ് ബോർഡ് 2027ൽ സമ്പൂർണമായി തെരഞ്ഞെടുക്കപ്പെടുന്ന ബോർഡ് തെരഞ്ഞെടുക്കപ്പെടുന്നത് വരെ തുടരും. 

പുറത്ത് പോകുന്ന സ്കൂൾ ബോർഡ് ഷിക്കാഗോ ടീച്ചേഴ്‌സ് യുണിയനുമായുള്ള ചർച്ചകളിൽ അവർക്ക് ഈ വർഷം 4% ശമ്പളവർദ്ധനവും വരുന്ന രണ്ട് വർഷങ്ങളിൽ 4നും 5നും ഇടക്ക് ശതമാനം വർദ്ധനവുമാണ് വാഗ്‌ദാനം ചെയ്തിട്ടുള്ളത്. തങ്ങൾക്ക് പ്രതിവർഷം 9% ശമ്പളവർദ്ധനവ് വേണമെന്ന കടുംപിടുത്തത്തിലാണ് യൂണിയൻ.

കഴിഞ്ഞ മാസം ചിക്കാഗോ ട്രിബ്യൂണിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അധ്യാപകർക്ക് അധികവേതനം നൽകുന്നതിന് കൂടുതൽ തുക വായ്പഎടുക്കുന്നത് തികഞ്ഞ ഉത്തരവാദിത്തരാഹിത്യമാകുമെന്ന് താൻ ജോൺസണോട് പറഞ്ഞുവെന്നും അതേത്തുടർന്ന് ജോൺസൺ തൻ്റെ രാജി ആവശ്യപ്പെട്ടെങ്കിലും നിലവിലെ യൂണിയൻ ചർച്ചകൾക്ക് അത് വിഘാതമാവുമെന്നതിനാൽ താനത് നിരസിച്ചുവെന്നും മാർട്ടിനെസ് പറഞ്ഞിരുന്നു. 

"സിപിഎസിന് നെഗറ്റീവ് ബോണ്ട് റേറ്റിംഗിലേക്ക് തള്ളിവിട്ട മുൻകാലത്തെ അമിതമായ ഹ്രസ്വകാല കടമെടുപ്പ് രീതി തുടരുന്നതിനെതിരെ ഞാൻ ഉറച്ചുനിൽക്കുന്നു," മാർട്ടിനെസ് എഴുതി. ബോണ്ട് തുകയും പലിശത്തുകയും തിരിച്ചടക്കുന്നതിന് വേണ്ടിവരുന്ന തുക ക്ലാസ് മുറിയിൽ ഉപയോഗിക്കേണ്ട തുകയാണ്. അതിനർത്ഥം ഷിക്കാഗോയിലെ കുട്ടികളുടെയും നികുതിദായകരുടെയും ഭാവിതലമുറകൾ ആത്യന്തികമായി അതിനുള്ള വില  നൽകേണ്ടിവരുമെന്നാണ്," മാർട്ടിനെസ് കൂട്ടിച്ചേർത്തു.

CPS ബോർഡ് ജോൺസൻ്റെ ആഗ്രഹിച്ച പെൻഷൻ പേയ്‌മെൻ്റ് ഇല്ലാതെ ഒരു സ്കൂൾ ബജറ്റ് പാസാക്കി. സ്‌കൂൾ സംവിധാനത്തിന് ഏകദേശം 1 ബില്യൺ ഡോളറിൻ്റെ കമ്മി 2025ൽ  നേരിടുമെന്ന്  ഓഗസ്റ്റിൽ മാർട്ടിനെസ് പ്രഖ്യാപിച്ചിരുന്നു. 

മുൻ കുക്ക് കൗണ്ടി കമ്മീഷണറായ ജോൺസൺ 2011 മുതൽ സിടിയുവിന്റെ സംഘാടകനായി പ്രവർത്തിക്കുകയും 2012ലെ അധ്യാപക സമരം സംഘടിപ്പിക്കുന്നതിൽ പങ്ക് വഹിക്കുകയും ചെയ്തിരുന്നു. ഇല്ലിനോയ് സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ് രേഖകൾ കാണിക്കുന്നത് 2023ലെ അദ്ദേഹത്തിൻ്റെ മേയർ സ്ഥാനത്തിനായുള്ള പ്രചാരണത്തിന് സിടിയു 2.3 മില്യൺ ഡോളറിലധികം സംഭാവന നൽകിയെന്നാണ്. അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സിൽ നിന്ന് 2.2 മില്യൺ ഡോളറും ഇല്ലിനോയ് ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സിൽ നിന്ന് ഏകദേശം 1 മില്യൺ ഡോളറും ജോൺസണ്  ലഭിച്ചു.

യൂണിയനുമായുള്ള കരാർ ചർച്ചകൾക്കിടയിൽ ബോർഡിൻ്റെ രാജിക്ക് വഴിയൊരുക്കിയ ജോൺസൺ തൻ്റെ മുൻ തൊഴിലുടമയായ സിടിയുവിൻറെ താല്പര്യം സംരക്ഷിക്കുകയാണെന്ന് എന്ന് ആൽഡർമാൻ ഗിൽബർട്ട് വിയ്യെഗാസ് ആരോപിച്ചു. “നഗരത്തെ മുഴുവൻ സേവിക്കാനാണ് മേയറെ തിരഞ്ഞെടുത്തത്, സിടിയുവിനെ സേവിക്കാനല്ല,” അദ്ദേഹം ചൂണ്ടിക്കാട്ടി.

"സിപിഎസ് അധ്യാപകർക്ക് ന്യായമായ കരാർ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ഞങ്ങൾ സമ്മതിക്കുന്നു, പക്ഷേ നികുതിദായകർക്ക് ന്യായമായ കരാർ ഉണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇപ്പോൾ മേയർ തൻറെ പിന്തുണ മുഴുവൻ അധ്യാപകരുടെ പക്ഷത്തേക്ക് ചായ്ച്ചിരിക്കുകയാണ്. അത് ശരിയല്ല," വിയ്യെഗാസ് എബിസി ന്യൂസിനോട് പറഞ്ഞു.