പ്രതിഷേധം തുടരൂ; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തൂ: ഇറാനിയന്‍ ദേശസ്‌നേഹികളോട് ട്രംപിന്റെ ആഹ്വാനം

പ്രതിഷേധം തുടരൂ; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തൂ: ഇറാനിയന്‍ ദേശസ്‌നേഹികളോട് ട്രംപിന്റെ ആഹ്വാനം


വാഷിംഗ്ടണ്‍/ ടെഹ്‌റാന്‍: ഇറാനില്‍ തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതിഷേധക്കാരോട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്താന്‍ ആഹ്വാനം ചെയ്തു. ട്രൂത്ത് സോഷ്യലില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് ട്രംപ് 'ഇറാനിയന്‍ ദേശസ്‌നേഹികള്‍' പ്രതിഷേധം തുടരണമെന്ന് ആവശ്യപ്പെട്ടത്. സഹായം വഴിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധങ്ങള്‍ക്കിടയില്‍ നടന്ന അക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഉത്തരവാദികളായവരുടെ പേരുകള്‍ രേഖപ്പെടുത്തണമെന്നും ട്രംപ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. ഇറാനിലെ നേതൃത്വത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രതിഷേധക്കാരുടെ 'അര്‍ഥശൂന്യമായ കൊലപാതകങ്ങള്‍' അവസാനിക്കുന്നതുവരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി നടക്കുന്ന എല്ലാ ചര്‍ച്ചകളും താന്‍ റദ്ദാക്കിയതായി ട്രംപ് അറിയിച്ചു.

അമേരിക്ക ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഡിസംബര്‍ 28ന് ആരംഭിച്ച പ്രതിഷേധങ്ങള്‍ക്കുശേഷം ഇറാനില്‍ 1,847 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 18 വയസ്സിന് താഴെയുള്ള ഒന്‍പത് പേര്‍, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 135 പേര്‍, ഒന്‍പത് സാധാരണ പൗരന്മാര്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് സംഘടന അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 2,000 ആയി ഉയര്‍ന്നുവെന്നും ഏജന്‍സി വ്യക്തമാക്കി.

ഇതിനിടെ, സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി അടിച്ചമര്‍ത്തുന്നതിനെതിരെ ഇറാന്റെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതായി നെതര്‍ലന്‍ഡ്സ് വിദേശകാര്യ മന്ത്രി ഡേവിഡ് വാന്‍ വീല്‍ അറിയിച്ചു. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, വ്യാപകമായ അന്യായ അറസ്റ്റുകള്‍, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ എന്നിവയെ അപലപിച്ചാണ് നടപടി എന്നും അദ്ദേഹം എക്സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് മറുപടിയായി, പ്രതിഷേധങ്ങള്‍ക്ക് പരസ്യമായി പിന്തുണ നല്‍കിയതിനെതിരെ യു കെ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയതായി സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.