വിവേക് രാമസ്വാമി സെനറ്റിലേക്കില്ല, ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യത

വിവേക് രാമസ്വാമി സെനറ്റിലേക്കില്ല, ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യത



ഒഹായോ: യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ.ഡി വാന്‍സ് ഒഴിഞ്ഞ സെനറ്റ് സീറ്റിലേക്ക് ഇന്ത്യന്‍ അമേരിക്കക്കാരനായ
വിവേക് രാമസ്വാമി ഇല്ല. ഒഹായോ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജോണ്‍ ഹസ്റ്റഡിനെയാണ് സെനറ്റിലേക്ക് ഗവര്‍ണര്‍ മൈക്ക് ഡിവൈന്‍ നിയമിച്ചിട്ടുള്ളത്. 2026 ല്‍ നടക്കുന്ന  ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരമാണ് വിവേക് രാമസ്വാമി ലക്ഷ്യമിടുന്നത്. ഇതിനുള്ള നീക്കങ്ങളും അദ്ദേഹം ശക്തമാക്കി.  

 2026 നവംബറില്‍  തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പ്രാതിനിധ്യം തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് ജോണ്‍ ഹസ്റ്റഡിന്റെ നിയമനം.
ഇത് നമ്മുടെ ചരിത്രത്തിലെ ഗൗരവമേറിയ സമയമാണെന്ന് ഹസ്റ്റഡിന്റെ നിയമനം പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍  ഗവര്‍ണര്‍ ഡിവൈന്‍ പറഞ്ഞു. 'ഗുരുതരമായ സമയങ്ങള്‍ നേരിടാന്‍ ഗൗരവമുള്ള ആളുകള്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹസ്റ്റഡിന്റെ പേര് നിര്‍ദ്ദേശിക്കുന്നതിനുമുമ്പ് എലോണ്‍ മസ്‌കിനൊപ്പം നിയുക്ത ട്രംപ് സര്‍ക്കാരിലെ ചെലവുകളും അമിത ഉദ്യോഗസ്ഥ സാന്നിധ്യവും വെട്ടിക്കുറക്കാന്‍ കാര്യക്ഷമതാ വകുപ്പിലേയ്ക്ക് നിയോഗിക്കപ്പെട്ട വിവേക് രാമസ്വാമി സെനറ്റ് പ്രതിനിധിയായി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

എന്നാല്‍ സെനറ്റ് നിയമനത്തിന് പരിഗണിക്കപ്പെടാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് രാമസ്വാമി നവംബറില്‍ പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഡിവൈന്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ രാമസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെനറ്റിലേയ്ക്ക് ഒന്നിലധികം പേരുകള്‍ പരിഗണിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഗവര്‍ണര്‍ സ്ഥിരീകരിച്ചു.

വാന്‍സിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നത് ട്രംപ് വൈറ്റ് ഹൗസ്, അമേരിക്കന്‍ സെനറ്റ്, ഒഹായോ ഗവര്‍ണര്‍ പദവി എന്നിവയുള്‍പ്പെടെ റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തിലുടനീളം പ്രധാന ചലനങ്ങള്‍ സൃഷ്ടിക്കും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി വാന്‍സ് ജനുവരി 10 നാണ് തന്റെ സെനറ്റ് സീറ്റ് രാജിവച്ചത്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഫ്‌ലോറിഡയിലെ തന്റെ വീടും റിസോര്‍ട്ടുമായ മാര്‍-എ-ലാഗോയില്‍ വച്ച് ട്രംപ്  ഡിവൈന്‍, ഹസ്റ്റഡ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെവെച്ചാണ് ട്രംപ് ഈ തീരുമാനമെടുത്തതെന്ന് ഒഹായോ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെ താന്‍ ട്രംപിനെ വിളിച്ച് ഹസ്റ്റഡിന്റെ നിയമനം സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചെന്നും അദ്ദേഹം സന്തോഷം അറിയിച്ചെന്നും ജോണ്‍ ഹസ്റ്റഡിനെക്കുറിച്ച് വളരെ നല്ല കാര്യങ്ങള്‍ പറഞ്ഞെന്നും ഡിവൈന്‍ പറഞ്ഞു.

എന്നാല്‍ സെനറ്റ് സീറ്റിലേക്ക് നില്‍ക്കാന്‍ ട്രംപ് രാമസ്വാമിയുടെ താല്പര്യം ആരാഞ്ഞെന്നും നിന്നാല്‍ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടെന്നും സംഭാഷണത്തെക്കുറിച്ച് അറിയാവുന്ന രണ്ട് പേരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2024 ലെ പ്രൈമറിയില്‍ രാമസ്വാമി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ട്രംപിനെ ഒരിക്കലും വിമര്‍ശിച്ചിട്ടില്ല; അദ്ദേഹം ട്രംപിനെ വേഗത്തില്‍ അംഗീകരിക്കുകയും ഒരു പ്രമുഖ പിന്തുണക്കാരനായി ഉയര്‍ന്നുവരികയും ചെയ്തു.

ആ മത്സരത്തിനിടെ, വിദേശനയത്തെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള രാമസ്വാമിയുടെ കാഴ്ചപ്പാടുകള്‍-ചിലപ്പോള്‍ ഗൂഢാലോചന സിദ്ധാന്തങ്ങളിലേക്ക് വഴുതിവീണത് അദ്ദേഹത്തിന്റെ ചില റിപ്പബ്ലിക്കന്‍ പങ്കാളികളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടുന്നതിന് ഇടയാക്കിയിരുന്നു.

2026-ല്‍ ഒഹായോ ഗവര്‍ണറായി രാമസ്വാമി മത്സരിക്കുമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രതീക്ഷ. നേരത്തെ ഈ സ്ഥാനത്തേക്ക് വരുവാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന ഹസ്റ്റഡ് താല്പര്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഒഹായോ നിയമപ്രകാരം മൂന്നാം തവണ മത്സരിക്കാന്‍ കഴിയാത്ത ഡിവൈന്‍ തന്റെ പിന്‍ഗാമിയായി ഹസ്റ്റഡിനെ പ്രതീക്ഷിച്ചിരുന്നു. തന്നോടൊപ്പം ആറ് വര്‍ഷം പ്രവര്‍ത്തിച്ച ഹസ്റ്റഡ് ഒരു മികച്ച ഗവര്‍ണറാകുമെന്ന ഡിവൈന്‍ അക്കാലത്ത് പറഞ്ഞിരുന്നു.

രണ്ട് വര്‍ഷത്തെ കാലാവധി അവശേഷിക്കൊണ് വാന്‍സ് സ്ഥാനമൊഴിഞ്ഞത്. ഈ രണ്ട് വര്‍ഷം പൂര്‍്തിയാക്കി പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുന്ന 2026 വരെ ഹസ്റ്റഡ് സെനറ്റില്‍ സേവനമനുഷ്ഠിക്കും.

ഗവര്‍ണറാകാനുള്ള പ്രതീക്ഷകള്‍ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന്, 'ഈ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പൂര്‍ണ്ണ ഉദ്ദേശ്യത്തോടെയാണ് ഞാന്‍ ഈ നിയമനം സ്വീകരിച്ചത്' എന്ന് ഹസ്റ്റഡ് മറുപടി നല്‍കി.