യുഎസ് ദേശീയസുരക്ഷാ കൗൺസിൽ അംഗങ്ങളെ പിരിച്ചുവിടാനൊരുങ്ങി ട്രംപ്

യുഎസ് ദേശീയസുരക്ഷാ കൗൺസിൽ അംഗങ്ങളെ പിരിച്ചുവിടാനൊരുങ്ങി ട്രംപ്


വാഷിംഗ്ടൺ: യു.എസിന്റെ ദേശീയ സുരക്ഷ, സൈനിക, വിദേശ നയ രൂപവത്കരണ സമിതിയായ ദേശീയ സുരക്ഷ കൗൺസിൽ (എൻ.എസ്.സി) അംഗങ്ങളെ കൂട്ടമായി പിരിച്ചുവിടാൻ ഒരുങ്ങി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  രാഷ്ട്രീയ പാർട്ടികൾ നാമനിർദേശം ചെയ്തവരെയും ഉദ്യോഗസ്ഥരെയും അടക്കം പിരിച്ചുവിട്ട് അംഗസംഖ്യ ഗണ്യമായി കുറക്കാനാണ് പദ്ധതിയെന്ന് ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

395 ജീവനക്കാരാണ് എൻ.എസ്.സിയിൽ പ്രവർത്തിക്കുന്നത്. പുറത്താക്കപ്പെടുന്നവരിൽ 95 ഓളം പേർ മറ്റ് സർക്കാർ ഏജൻസികളിൽനിന്ന് നിയമിക്കപ്പെട്ട വിദഗ്ധരാണ്.

ഇവർക്ക് സർക്കാർ ഏജൻസികളിലേക്ക് മടങ്ങാൻ അവസരം നൽകും. പുറത്താക്കപ്പെടുന്ന രാഷ്ട്രീയ നിയമനം ലഭിച്ചവർക്കും മറ്റേതെങ്കിലും പദവി നൽകും.

റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത വിദേശ നയത്തോട് ചേർന്നുനിന്നിരുന്ന മൈക് വാറ്റ്‌സിനെ ഉപദേശക സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് എൻ.എസ്.സി ഉടച്ചുവാർക്കാൻ ട്രംപ് ഒരുങ്ങുന്നത്. നിലവിൽ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ആണ് സുരക്ഷ ഉപദേശകന്റെ ചുമതല വഹിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന നയത്തോട് കൂറ് പുലർത്തുന്നില്ലെന്ന് തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ ചൂണ്ടിക്കാട്ടിയതിന് തൊട്ടുപിന്നാലെ നിരവധി ജീവനക്കാരെയും ട്രംപ് പുറത്താക്കിയിരുന്നു.

എൻ.എസ്.സി ചുരുങ്ങുന്നതോടെ സുപ്രധാന വിദേശ നയങ്ങളിൽ ട്രംപിന് ഉപദേശം നൽകേണ്ട ചുമതല സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനും പെന്റഗണിനും ലഭിക്കും. അതേസമയം, എൻ.എസ്.സി നിലനിൽക്കേ തന്നെ സ്വന്തം താൽപര്യ പ്രകാരമാണ് ട്രംപ് വിദേശ നയങ്ങൾ തീരുമാനിച്ചിരുന്നത് എന്ന് ആരോപണമുണ്ടായിരുന്നു.

1945 മുതൽ യു.എസ് ഭരിച്ച പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്റെ കാലത്താണ് എൻ.എസ്.സി രൂപവത്കരിച്ചത്. ദേശീയ സുരക്ഷ, വിദേശ നയം തുടങ്ങിയ കാര്യങ്ങളിൽ പ്രസിഡന്റിന് ഉപദേശം നൽകുകയായിരുന്നു ദൗത്യം.