വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ഡോണള്‍ഡ് ട്രംപിന് ആദ്യ വെല്ലുവിളിയായി ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍. ട്രംപ് ആവശ്യപ്പെട്ടാലും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ സ്ഥാനം താന്‍ രാജി വയ്ക്കില്ലെന്നാണ്‌ജെറോം പവല്‍ പറയുന്നത്.
ഫെഡറല്‍ റിസര്‍വിന്റെ ദ്വിദിന നയ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ആണ് ജെറോം പവല്‍ ഉറച്ച നിലപാട് വ്യക്തമാക്കിയത്. ട്രംപ് രാജി ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ല എന്ന് പവല്‍ ഉറപ്പിച്ച് പറഞ്ഞു. ആദ്യ ഭരണ കാലഘട്ടത്തില്‍ ഫെഡറല്‍ മേധാവിയെ പുറത്താക്കുന്ന നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ട്രംപിന് മുതിര്‍ന്ന ഫെഡറല്‍ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനോ സ്ഥാനമാറ്റം നടത്താനോ അധികാരമില്ലെന്ന് പവല്‍ വ്യക്തമാക്കി. സേവനമനുഷ്ഠിക്കുന്ന സ്ഥാപനത്തെ സംരക്ഷിക്കുന്നതില്‍ തനിക്ക് ബാധ്യതയുണ്ടെന്ന കാര്യവും അദ്ദേഹം പറഞ്ഞു.
2017 നവംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വിനെ നയിക്കാന്‍ ഡോണാള്‍ഡ് ട്രംപ് തന്നെയാണ് ജെറോം പവലിനെ നിയമിച്ചത്. പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡന്‍ അദ്ദേഹത്തെ വീണ്ടും ആ സ്ഥാനത്തേക്ക് നിയമിച്ചു. ഇതേ തുടര്‍ന്ന് ട്രംപ് പവലിനെതിരെ ആരോപണങ്ങള്‍ നടത്താന്‍ തുടങ്ങി. 2026 വരെയാണ് പവലിന്റെ കാലാവധി. സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാനെ പുറത്താക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് പല നിയമ വിദഗ്ധരും വാദിക്കുന്നു, ഇങ്ങനെ ചെയ്യുന്നത് നിയമപരമായുള്ള പോരാട്ടത്തിന് വഴിവെക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
ട്രംപ് ആവശ്യപ്പെട്ടാലും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ സ്ഥാനം രാജി വെക്കില്ലെന്ന് ജെറോം പവല്‍