കുടിയേറ്റ നിയന്ത്രണ തരംഗത്തില്‍ ഉലഞ്ഞ് എച്ച് 1 ബി വിസ, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍

കുടിയേറ്റ നിയന്ത്രണ തരംഗത്തില്‍ ഉലഞ്ഞ് എച്ച് 1 ബി വിസ, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍


വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികളില്‍ ചിലത നിയമപരമായ കുടിയേറ്റക്കാരേയും ലക്ഷ്യമിടുന്നു. 

വൈറ്റ് ഹൗസിലെ പ്രസിഡന്റ് ട്രംപിന്റെ രണ്ടാം വരവ് നിരവധി ഇന്ത്യക്കാരുടെ യു എസ് ജീവിതത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങളില്‍ ഇന്ത്യന്‍ പ്രവാസികളും ബലിയാടാകുന്നുണ്ട്. യു എസില്‍ പഠിക്കുന്ന ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളും വിദ്യാര്‍ഥികളും നിയന്ത്രണത്തിന്റെ പ്രതിസന്ധി അനുഭവിക്കുന്നു. 

യുഎസിലെ ചില മുന്‍നിര കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എച്ച്-1ബി വിസ ഉടമകളും കുടിയേറ്റ നിയന്ത്രണത്തിന്റെ ഇരകളാണ്.

2026 വര്‍ഷത്തേക്ക് 120,141 എച്ച്-1ബി വിസ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ 120,000 വിസയും നേടിയത് ഇന്ത്യക്കാരാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതിനു പിന്നാലെ എച്ച് 1 ബി പ്രോഗ്രാം അവസാനിപ്പിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി അമേരിക്കക്കാര്‍ ആവശ്യപ്പെടുകയുംചെയ്തു. ഇന്ത്യക്കാരെ മാത്രം നിയമിക്കാനുള്ള വന്‍കിട ടെക് കമ്പനികളുടെ ഗൂഢാലോചനയാണിതെന്നാണ് ചിലര്‍ ഇതിനെകുറിച്ച് പറയുന്നത്. എച്ച് 1ബി തെരഞ്ഞെടുപ്പ് പ്രക്രിയ ചില കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. 

യു എസ് തൊഴിലുടമകള്‍ക്ക് പ്രത്യേക തൊഴിലുകളിലേക്ക് താത്ക്കാലികമായി വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കുന്നതാണ് എച്ച് 1 ബി ഇമിഗ്രന്റ് വിസ പ്രോഗ്രാം. ഉയര്‍ന്ന സ്‌പെഷ്യാലിറ്റി അറിവും നിര്‍ദ്ദിഷ്ട സ്‌പെഷ്യാലിറ്റിയില്‍ ബാച്ചിലര്‍ ബിരുദമോ ഉയര്‍ന്ന ബിരുദമോ ഇതിന് ആവശ്യമായി വരാറുണ്ട്. 

ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മുന്‍നിര യു എസ് സ്ഥാപനങ്ങളുടെ സി ഇ ഒമാര്‍ എന്നിവരുള്‍പ്പെടെ യു എസിലെ മിക്കവാറും എല്ലാ ബിസിനസ് മേഖലകളിലും ഇന്ത്യക്കാര്‍ ഉണ്ട്. 2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ നല്‍കിയ എല്ലാ എച്ച് 1 ബി വിസകളുടെയും 72.3 ശതമാനവും ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്കാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ എച്ച് 1 ബി വിസ ഉടമകളെ എപ്പോഴും അമേരിക്കന്‍ ജോലികള്‍ അപഹരിക്കുന്ന തൊഴിലന്വേഷകരായാണ് കണ്ടിരുന്നത്. അമേരിക്കയിലെ പല ഉന്നതരും അവരെ 'കുറഞ്ഞ വേതനത്തിന് കരാര്‍ നല്‍കിയ ജീവനക്കാര്‍' എന്ന് വിളിക്കാറുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ എഐ ഉപദേഷ്ടാവായി ശ്രീരാമകൃഷ്ണനെ നിയമിച്ചത് അമേരിക്കന്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യാ വിരുദ്ധ വികാരം പടര്‍ന്നുപിടിക്കാന്‍ കാരണമായി. എച്ച് 1 ബി വൈറസ് വ്യാപനം തടയാന്‍ ഒരു അമേരിക്കക്കാരന്‍  ഇന്ത്യന്‍ ഒപ്പുകള്‍ വാങ്ങുന്ന വീഡിയോ വൈറലായിരുന്നു. 

കാമ്പസ് വംശീയതയും സോഷ്യല്‍ മീഡിയ ആക്രമണങ്ങളും ഉള്‍പ്പെടെയുള്ള എച്ച് 1 ബി തിരിച്ചടി കാരണം യു എസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോലും അവരുടെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ നേരിടുന്നുണ്ട്. 2023- 2024 വര്‍ഷത്തില്‍ ഇന്ത്യ 331,602 വിദ്യാര്‍ഥികളെയാണ് യു എസില്‍ പഠിക്കാന്‍ അയച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് എന്നിവ വിദേശ വിദ്യാര്‍ഥികള്‍ക്കെതിരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടികള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് 300ലധികം വിദ്യാര്‍ഥി വിസകള്‍ റദ്ദാക്കിയതായി സെക്രട്ടറി റൂബിയോ പറഞ്ഞു. അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്റെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 327 കേസുകളില്‍ 50 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്.

കൂടാതെ, യു എസ് അധികാരികള്‍ ഇന്ത്യക്കാരെ അവരുടെ ഗ്രീന്‍ കാര്‍ഡ് തിരികെ നല്‍കാന്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഔദ്യോഗികമായി സ്ഥിര താമസ കാര്‍ഡ് എന്നറിയപ്പെടുന്ന ഗ്രീന്‍ കാര്‍ഡ് ഒരു വ്യക്തിയെ അമേരിക്കയില്‍ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു. മാര്‍ച്ചില്‍ ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ശൈത്യകാലം ചെലവഴിക്കുന്ന പ്രായമായ വ്യക്തികള്‍, യു എസ് വിമാനത്താവളങ്ങളില്‍ ശക്തമായ പരിശോധനയ്ക്ക് വിധേയരായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൊത്തത്തില്‍, ഇന്ത്യക്കാരോടുള്ള നിഷേധാത്മക വികാരങ്ങള്‍ സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്.