വാഷിംഗ്ടണ്‍: ഇസ്രായേല്‍ എംബസിയിലെ രണ്ട് ജീവനക്കാരെ വധിച്ചതുമായി ബന്ധപ്പെട്ട് എലിയാസ് റോഡ്രിഗസ് (31) നെതിരെ കൊലപാതകത്തിനും മറ്റു കുറ്റങ്ങള്‍ക്കുമായി കേസ് രജിസ്റ്റര്‍ ചെയ്തതായി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ് ബി ഐയുടെ സത്യവാങ്മൂലം അറിയിച്ചു.
പാലസ്തീനു വേണ്ടിയാണ് താനത് ചെയ്തതെന്നും ഗാസയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും പ്രതിയായ റോഡ്രിഗസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്. വെയിവെയ്പിനെ വിദ്വേഷ കുറ്റകൃത്യമായും ഭീകരവാദമായുമാണ് തന്റെ ഓഫിസ് പരിഗണിച്ച് അന്വേഷിക്കുന്നതെന്ന്
വാഷിംഗ്ടണിലെ യു എസ് അറ്റോര്‍ണി ജീനീന്‍ പിറോ വ്യക്തമാക്കി.
റോഡ്രിഗസിന്റെ ഷിക്കാഗോയിലെ വീട്ടില്‍ റെയ്ഡ് നടത്തി. കോളേജ് വിദ്യാഭ്യാസവും മെഡിക്കല്‍ അസോസിയേഷനില്‍ ജോലിയും ഉണ്ടായിരുന്ന പ്രതി ബിസിനസ് യാത്രക്കിടയില്‍ ഇങ്ങനെ അപകടകരമായി മാറാനുള്ള കാരണം കണ്ടെത്താനാണ് അന്വേഷകര്‍ ശ്രമിക്കുന്നത്.
ചൊവ്വാഴ്ച ജോലിയുമായി ബന്ധപ്പെട്ട യോഗത്തിനായി ഷിക്കാഗോയില്‍ നിന്നും വാഷിംഗ്ടണിലേക്കെത്തിയ റോഡ്രിഗസ് തന്റെ ബാഗേജിനോടൊപ്പം നിയമപരമായി കൈവശമുള്ള തോക്കും കൊണ്ടുവന്നിരുന്നു. ബുധനാഴ്ച രാത്രി ക്യാപിറ്റല്‍ ജൂയിഷ് മ്യൂസിയത്തിന് പുറത്ത് യുവ ഡിപ്ലോമാറ്റുകള്‍ക്കായുള്ള ചടങ്ങ് നടക്കുന്നതിനിടയില്‍ പ്രതി ചുറ്റി നടക്കുന്നത് കണ്ടതായി ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനു ശേഷമാണ് യാരോണ്‍ ലിഷിന്‍സ്‌കിയും സാരാ മില്‍ഗ്രിമും മ്യൂസിയത്തില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ റോഡ്രിഗസ് അവരെ വെടിവെച്ചത്. ലിഷിന്‍സ്‌കി നിലത്തുവീണ ശേഷവും മില്‍ഗ്രിം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലും റോഡ്രിഗസ് വെടിവെപ്പ് തുടരുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഫെഡറല്‍ കോടതിയില്‍ ആദ്യം ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല.
30 വയസ്സുള്ള ലിഷിന്‍സ്‌കി ഇസ്രായേലിലും ജര്‍മനിയിലുമാണ് വളര്‍ന്നത്. ഇസ്രായേല്‍ എംബസിയില്‍ രാഷ്ട്രീയ വിഭാഗത്തില്‍ ഗവേഷക സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. 26 വയസ്സുള്ള മില്‍ഗ്രിം കാന്‍സസിലെ പ്രെയറി വില്ലേജില്‍ നിന്നുള്ള അമേരിക്കക്കാരിയാണ്. ഇസ്രായേലിലേക്കുള്ള യാത്രകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. അടുത്ത ആഴ്ച ഇസ്രായേലില്‍ ലിഷിന്‍സ്‌കി വിവാഹാഭ്യര്‍ഥന നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഇരുവരേയും വെടിവെച്ചതിന് ശേഷം മ്യൂസിയത്തിനുള്ളിലേക്ക് കടന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
ഓണ്‍ലൈന്‍ പ്രൊഫൈലുകള്‍ പ്രകാരം റോഡ്രിഗസ് ഷിക്കാഗോയിലാണ് വളര്‍ന്നത്. അതേ നഗരത്തില്‍ നിന്ന് സര്‍വകലാശാല വിദ്യാഭ്യാസം നേടിയതായും ആരോഗ്യപരമായ സേവന സംഘടനയില്‍ ജോലി ചെയ്തിരുന്നുവെന്നും പറയുന്നു.
ഗാസയില്‍ ഇസ്രായേല്‍- ഹമാസ് യുദ്ധം തുടങ്ങിയതിനു ശേഷം വര്‍ധിച്ചുയര്‍ന്ന യഹൂദ വിരുദ്ധതയുടെ ഭാഗമാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഗാസയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം നടന്ന പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ കൂടുതലും സമാധാനപരമായിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടവും ഇസ്രായേലും ഉള്‍പ്പെടെയുള്ള ചിലര്‍ ഈ പ്രതിഷേധങ്ങള്‍ യഹൂദവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതും ജൂതര്‍ക്കെതിരായ അക്രമം ഉണര്‍ത്തുന്നതുമാണെന്ന് ആരോപിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ ഈ ആരോപണങ്ങള്‍ പാലസ്തീനെ അനുകൂലിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അടിച്ചമര്‍ത്താന്‍ വേണ്ടിയാണെന്ന് അവകാശപ്പെട്ടു.