ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കണമെന്ന് ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനി വീണ്ടും ആവശ്യപ്പെട്ടു. നെതന്യാഹു അമേരിക്ക സന്ദർശിച്ചാലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മംദാനിയുടെ പ്രതികരണം.
ഐസിസിയുടെ അറസ്റ്റ് വാറന്റിനെ ഗൗരവത്തോടെ കാണണമെന്നും അന്താരാഷ്ട്ര നിയമനടപടികൾ ആരുടെ പേരിലാണെന്നത് നോക്കാതെ ഒരുപോലെ നടപ്പാക്കണമെന്നും മംദാനി മാധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ആരോപിച്ചാണ് നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസയിലെ പലസ്തീൻ ജനതയ്‌ക്കെതിരായ വംശഹത്യയുടെ മുഖ്യശിൽപിയാണ് നെതന്യാഹുവെന്ന ആരോപണവും മംദാനി ഉന്നയിച്ചു. ഇത് തന്റെ വ്യക്തിപരമായ വിലയിരുത്തലല്ലെന്നും പൊതുരേഖകളിലുള്ള വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് 2024 നവംബറിലാണ് ഐസിസി നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യോവ് ഗലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ ഇസ്രയേൽ നിഷേധിക്കുകയും കേസിൽ ഐസിസിക്ക് അധികാരമില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
നെതന്യാഹുവും തനിക്കെതിരായ എല്ലാ ആരോപണങ്ങളും ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്. ഗാസയിൽ വംശഹത്യ നടത്തിയെന്ന ആരോപണവും ഇസ്രയേൽ ശക്തമായി തള്ളിക്കളയുകയാണ്.
നെതന്യാഹു അമേരിക്കയിലെത്തിയാലും അറസ്റ്റ് ചെയ്യണം; നിലപാട് ആവർത്തിച്ച് ന്യൂയോർക്ക് മേയർ മംദാനി
