കനേഡിയന്‍ സഞ്ചാരികള്‍ക്ക് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാന്‍ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു

കനേഡിയന്‍ സഞ്ചാരികള്‍ക്ക് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാന്‍ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു


ന്യൂയോര്‍ക്ക്: കൂടുതല്‍ കനേഡിയന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ന്യൂയോര്‍ക്ക് സിറ്റി ടൂറിസം പ്ലസ് കണ്‍വെന്‍ഷന്‍സ് പുതിയ എന്‍ വൈ സിസ് നോര്‍ത്തേണ്‍ നെയ്ബര്‍ ഡീല്‍ എന്ന പ്രത്യേക യാത്രാ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 7 വരെ പങ്കെടുക്കുന്ന 85-ലധികം ഹോട്ടലുകള്‍, ബ്രോഡ്വേ ഷോകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

ഈ ഓഫറിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 4 മുതല്‍ ആരംഭിക്കും. കനേഡിയന്‍ ഡോളറിന്റെയും യു എസ് ഡോളറിന്റെയും വിനിമയ നിരക്കിന്റെ ആഘാതം കുറയ്ക്കാനും കൂടുതല്‍ കനേഡിയന്‍ സന്ദര്‍ശകരെ ന്യൂയോര്‍ക്കിലേക്ക് ആകര്‍ഷിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

അതോടൊപ്പം പോര്‍ട്ടര്‍ എയര്‍ലൈന്‍സ് കാനഡയില്‍ നിന്ന് ന്യൂയോര്‍ക്ക് നഗരത്തിലേക്കുള്ള യാത്രകള്‍ക്ക് 20 ശതമാനം വരെ വിമാനക്കൂലി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7-നകം ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ 15 വരെ യാത്രകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും.

കാനഡ ന്യൂയോര്‍ക്ക് നഗരത്തിന്റെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര സന്ദര്‍ശക വിപണിയാണെന്നും ഈ പദ്ധതി ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ വ്യാപാരം ലഭിക്കാന്‍ സഹായിക്കുമെന്നും ന്യൂയോര്‍ക്ക് സിറ്റി ടൂറിസം പ്ലസ് കണ്‍വെന്‍ഷന്‍സ് പ്രസിഡന്റ് ആന്റ് സി ഇ ഒ ജൂലി കോക്കര്‍ പറഞ്ഞു.

2026-ല്‍ 8 ലക്ഷത്തിലധികം കനേഡിയന്‍ സന്ദര്‍ശകര്‍ ന്യൂയോര്‍ക്ക് സിറ്റിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.1 ശതമാനം വര്‍ധനവാണ്.

ഓഫറില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖ ഹോട്ടലുകള്‍, എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഒബ്‌സര്‍വേഷന്‍ ഡെക്ക്, എഡ്ജ്, ഇന്‍ട്രെപിഡ് മ്യൂസിയം, സിറ്റി ക്രൂയിസസ്, ന്യൂയോര്‍ക്ക് യാങ്കീസ് ടൂര്‍, നിരവധി ബ്രോഡ്വേ ഷോകള്‍, പ്രമുഖ റെസ്റ്റോറന്റുകള്‍ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.