ഫോര്‍ട്ട് വെയ്ന്‍ (ഇന്ത്യാന യുഎസ്എ) : 30 വര്‍ഷത്തിലേറെ മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍വംശജനായ ബിസിനസുകാരന്‍ പരംജിത് സിംഗിനെ ഐസിഇ കസ്റ്റഡിയിലെടുത്തിട്ട് ഒരു മാസത്തിലേറെയായി.
ഫോര്‍ട്ട് വെയ്ന്‍, ഇന്‍ഡ്യാന എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിസിനസ്സ് ചെയ്യുന്ന സിംഗിനെ ജൂലൈ 30ന് ഷിക്കാഗോ ഓ'ഹെയര്‍ വിമാനത്താവളത്തില്‍ വെച്ചാണ് തടഞ്ഞുവെച്ചത്. വര്‍ഷത്തില്‍ പലതവണ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന സിംഗ് ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നു.
സിങ്ങിന്റെ തടങ്കല്‍ തികച്ചും നിയമവിരുദ്ധമാണെന്നും സിങ്ങിന് ബ്രെയിന്‍ ട്യൂമറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉള്ളതിനാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ആരോഗ്യ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും സിങ്ങിന്റെ അഭിഭാഷകന്‍ ലൂയിസ് ഏംഗല്‍സ് ന്യൂസ് വീക്കിനോട് പറഞ്ഞു.
പണ്ട് എപ്പോളോ പണം നല്‍കാതെ സിംഗ് പേ ഫോണ്‍ ഉപയോഗിച്ച സംഭവത്തിന്റെ പേരിലാണ് പരംജിത് സിങ്ങിനെ കസ്റ്റഡിയിലെടുത്തത് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും പറഞ്ഞു.
'ഒരു ചെറിയ കുറ്റകൃത്യമായിരുന്നു അത്, അതിനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. അതിനുള്ള ശിക്ഷയും ഇതിനകം അനുഭവിച്ച് സമൂഹത്തോടുള്ള കടം വീട്ടി കഴിഞ്ഞു-ഏംഗല്‍സ് പറഞ്ഞു.
തടങ്കലില്‍ വച്ചതിനുശേഷം സിംഗിന് സംഭവിച്ചതിന്റെ വേദനാജനകമായ വിശദാംശങ്ങള്‍ വിവരിക്കുമ്പോള്‍, അഞ്ച് ദിവസത്തേക്ക് അദ്ദേഹത്തെ വിമാനത്താവളത്തിനുള്ളില്‍ തടഞ്ഞുവച്ചതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതിനാല്‍ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകേണ്ടിവന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കുടുംബത്തിന് അറിയിപ്പ് ലഭിച്ചിരുന്നില്ല, ഇആര്‍ ബില്‍ അയച്ചപ്പോഴാണ് അവര്‍ അറിഞ്ഞത്.
'നിയമപരമായ സ്ഥിര താമസക്കാരന്‍ (ഗ്രീന്‍ കാര്‍ഡ് ഉടമ) എന്ന നിലയില്‍, സിംഗിനെ ഒരിക്കലും തടങ്കലില്‍ വയ്ക്കാന്‍ പാടില്ലായിരുന്നു, കാരണം അദ്ദേഹം എല്ലായ്‌പ്പോഴും നിയമങ്ങള്‍ അക്ഷരംപ്രതി പാലിച്ചിട്ടുണ്ട്. ഈ രാജ്യത്ത് നിയമപരമായ പദവി നേടുന്നതിന് 'നിയമങ്ങള്‍ പാലിക്കുക' എന്ന മന്ത്രം നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. അതാണ് അദ്ദേഹം ചെയ്തത്: അദ്ദേഹം യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ നിയമപരമായി പ്രവേശിച്ചയാളാണ്, തന്റെ പദവി ശരിയായി ക്രമീകരിച്ചു, കഠിനാധ്വാനത്തിലൂടെ തന്റെ അമേരിക്കന്‍ സ്വപ്‌നം കെട്ടിപ്പടുത്തു, കൂടാതെ തന്റെ സമൂഹത്തിന് ഒരു പ്രധാന സംഭാവനയും നല്‍കിയിട്ടുണ്ട്- അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ബോണ്ട് നല്‍കി അദ്ദേഹത്തെ ജാമ്യത്തില്‍ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ചരണ്‍ജിത് സിംഗ് പറഞ്ഞു. എന്നാല്‍ സിങ്ങിന്റെ കസ്റ്റഡി നീട്ടിക്കൊണ്ടുപോകാനാണ് ഐസിഇ അധികൃതര്‍ ശ്രമിക്കുന്നത്. അദ്ദേഹത്തെ പുറത്തുകൊണ്ടുവരുവാന്‍ പലരുടെയും സഹായം തേടുന്നുണ്ടെന്നും ആകെ ആശങ്കാകുലമായ സാഹചര്യമാണെന്നും സഹോദരന്‍ പറഞ്ഞു.
പണം നല്‍കാതെ പണ്ട് പേ ഫോണ്‍ ഉപയോഗിച്ചച്ചെന്ന്; 30 വര്‍ഷമായി യുഎസില്‍ സ്ഥിരതാമസക്കാരനായ ഇന്ത്യന്‍ വ്യവസായി ഒരുമാസമായി ഐസിഇ കസ്റ്റഡിയില്‍
