ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബം തുടച്ചുനീക്കപ്പെട്ടുവെന്ന ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരിയുടെ വാക്കുകള്‍ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
പുതിയ ഇന്ത്യ ആരുടെയും ആണവ ഭീഷണികളെ ഭയപ്പെടുന്നില്ല എന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തില്‍ ധാറില്‍ നടന്ന റാലിയില്‍ സംസാരിക്കവെ ഭീകരതയോടുള്ള ഇന്ത്യയുടെ പ്രതികരണം മാറിയിരിക്കുന്നുവെന്ന് ഈ കുറ്റസമ്മതം തെളിയിക്കുന്നുവെന്ന് മോഡി പറഞ്ഞു. സ്വന്തം വീടുകള്‍ക്കുള്ളില്‍ ഭീകരരെ ആക്രമിക്കുന്ന പുതിയ ഇന്ത്യ എന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ ഭീകരര്‍ നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി. ഞങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തി ഭീകര ക്യാമ്പുകള്‍ നശിപ്പിച്ചു. നമ്മുടെ ധീരരായ സായുധ സേന കണ്ണിമവെട്ടുന്ന സമയത്തിനുള്ളില്‍ പാകിസ്ഥാനെ മുട്ടുകുത്തിച്ചുവെന്നും പ്രധാനമന്ത്രി ജനക്കൂട്ടത്തോട് പറഞ്ഞു.