'ഇന്‍സ്റ്റഗ്രാം പെണ്‍കുട്ടികള്‍ക്കുള്ളത്'; ഇലോണ്‍ മസ്‌കിന്റെ പരാമര്‍ശം വിവാദത്തില്‍

'ഇന്‍സ്റ്റഗ്രാം പെണ്‍കുട്ടികള്‍ക്കുള്ളത്'; ഇലോണ്‍ മസ്‌കിന്റെ പരാമര്‍ശം വിവാദത്തില്‍


ന്യൂയോര്‍ക്ക്: ഇന്‍സ്റ്റാഗ്രാമിനെ കുറിച്ച് എലോണ്‍ മസ്‌ക് നടത്തിയ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇന്‍സ്റ്റാഗ്രാം പെണ്‍കുട്ടികള്‍ക്കുള്ളതാണ് എന്ന മസ്‌കിന്റെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. നിരവധി പേര്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തെ ലിംഗവിവേചനപരവും അപമാനകരവുമായി വിശേഷിപ്പിച്ചു.

സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളുടെ പെരുമാറ്റവും ജീവിതഘട്ടങ്ങളുമായുള്ള ബന്ധവും ചര്‍ച്ച ചെയ്ത ഒരു വൈറല്‍ പോസ്റ്റിനോടുള്ള പ്രതികരണമായിരുന്നു മസ്‌കിന്റെ പരാമര്‍ശം. ഇന്‍സ്റ്റഗ്രാമില്‍ തേര്‍സ്റ്റ് ട്രാപ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും ദിനം മുഴുവന്‍ സ്റ്റോറികള്‍ പങ്കുവയ്ക്കുന്നതും വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതുമൊക്കെയാണ് ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടത്.

പുരുഷന്മാര്‍ അവരുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ എനിക്ക് അയയ്ക്കുമ്പോള്‍ അവര്‍ മാറുകയാണോ എന്നാണ് താന്‍ ചിന്തിക്കുന്നതെന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. 

ഈ പരാമര്‍ശം വൈറലായതോടെ നിരവധി ഉപയോക്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പുരുഷന്മാര്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് പരിഹസിക്കുന്നതും ട്രാന്‍സ് സമൂഹത്തെ അധിക്ഷേപിക്കുന്നതുമായ സമീപനമാണിതെന്ന് വിമര്‍ശകര്‍ ആരോപിച്ചു.

നമ്മള്‍ ആരാണോ അതുപോലെ ജീവിക്കാന്‍ പഠിക്കണമെന്നും കണ്ണിന് ചുറ്റുമുള്ള കറുപ്പും നരയും പ്രായത്തിന്റെ ഭാഗമാണെന്നും സമൂഹം നമ്മെ ഒരു സംവിധാനത്തിന്റെ അടിമകളാക്കി മാറ്റിയിരിക്കുകയാണെന്നും ലോകത്തോടും സ്വയത്തോടും കള്ളം പറയുന്നത് അവസാനിപ്പിക്കൂ എന്നുമാണ് ഒരു ഉപയോക്താവ് കുറിച്ചത്. 

ഇന്‍സ്റ്റാഗ്രാമെന്നത് കൂടുതല്‍ വസ്ത്രങ്ങളുള്ള പോണ്‍ഹബ്ബ് പോലെയാണെന്നും മറ്റൊരു ഉപയോക്താവ് പരിഹാസരൂപത്തില്‍ കുറിച്ചു.

അതേസമയം, മറ്റൊരാള്‍ ത്രെഡ്‌സ് എന്നത് എക്‌സില്‍ ബാന്‍ ചെയ്യപ്പെട്ടവര്‍ക്കുള്ള പ്ലാറ്റ്‌ഫോമാണെന്നായിരുന്നു പ്രതികരിച്ചത്.

മസ്‌കിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ ലിംഗധാരണകളെയും ഓണ്‍ലൈന്‍ സംസ്‌കാരത്തെയും കുറിച്ചുള്ള വാദപ്രതിവാദങ്ങളും ഇതോടെ വീണ്ടും ശക്തമായി.