വാഷിങ്ടണ്‍: അമേരിക്കന്‍ നാവികസേനയുടെ ലോകത്തിലെ ഏറ്റവും വലിയ യുദ്ധവിമാനവാഹിനിക്കപ്പലായ യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് 326 ദിവസത്തെ ചരിത്ര ദൗത്യത്തിന് ശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തി. വെസ്റ്റ് ഏഷ്യയിലടക്കം വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ച കപ്പല്‍ വിര്‍ജീനിയയിലെ നോര്‍ഫോക്കിലെ നാവിക താവളത്തിലെത്തിയതായി പെന്റഗണ്‍ അറിയിച്ചു.
ഏകദേശം 11 മാസങ്ങള്‍ക്ക് ശേഷമായിരുന്നു നാവികര്‍ കുടുംബാംഗങ്ങളെ വീണ്ടും കണ്ടുമുട്ടിയത്. തുറമുഖത്ത് വികാരഭരിതമായ രംഗങ്ങളാണ് അരങ്ങേറിയത്. കുട്ടികള്‍ പിതാക്കളെ ചേര്‍ത്ത് പിടിക്കുകയും ഭാര്യമാരും കുടുംബാംഗങ്ങളും കണ്ണീരോടെ സ്വാഗതം ചെയ്യുകയും ചെയ്തു. 'വെല്‍ക്കം ഹോം' ബാനറുകളും അമേരിക്കന്‍ പതാകകളും ഉയര്‍ത്തിയാണ് കുടുംബങ്ങള്‍ സൈനികരെ വരവേറ്റത്.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നോര്‍ഫോക്കില്‍ നേരിട്ടെത്തി സൈനികരെ സ്വീകരിച്ചു. വിയറ്റ്‌നാം യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ യു എസ് വിമാനവാഹിനിക്കപ്പല്‍ ദൗത്യമായാണ് ഇതിനെ വിലയിരുത്തുന്നത്.
കരീബിയന്‍ മേഖലയിലെയും വെസ്റ്റ് ഏഷ്യയിലെയും നിരവധി അമേരിക്കന്‍ സൈനിക ദൗത്യങ്ങളില്‍ യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് നിര്‍ണായക പങ്കുവഹിച്ചു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ പിടികൂടിയ നടപടികളിലും പിന്നീട് ഇറാനെതിരായ അമേരിക്ക- ഇസ്രായേല്‍ സൈനിക നീക്കങ്ങളിലുമാണ് കപ്പല്‍ സജീവമായി പങ്കെടുത്തത്. ഇറാനു സമീപം വിന്യസിച്ചിരുന്ന കപ്പല്‍ സമുദ്ര നിരീക്ഷണ ദൗത്യങ്ങള്‍, സുരക്ഷാ പട്രോളുകള്‍, തടയല്‍ ഓപ്പറേഷനുകള്‍ എന്നിവയും നിര്‍വഹിച്ചു.
കപ്പലിനകത്ത് തീപിടിത്തവും ദുരിതവും
ദൗത്യത്തിനിടെ കപ്പലിനകത്ത് നിരവധി പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ചില്‍ ലോണ്‍ട്രി വിഭാഗത്തില്‍ ഉണ്ടായ വന്‍ തീപിടിത്തം മണിക്കൂറുകളോളം നിയന്ത്രണാതീതമായി തുടരുകയും നിരവധി നാവികര്‍ക്ക് പുക ശ്വസിച്ചതിനെ തുടര്‍ന്ന് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം 100 കിടക്കകള്‍ നശിച്ചതോടെ സൈനികര്‍ക്ക് താമസ സൗകര്യത്തിലും വലിയ പ്രതിസന്ധി നേരിട്ടു.
ഇതിനൊപ്പം പ്ലംബിംഗ് തകരാറുകളും മലിനജല സംവിധാനം തകരുന്നതും കപ്പലിലെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ശൗചാലയങ്ങളിലെ തടസ്സങ്ങളും മലിനജല ചോര്‍ച്ചയും സൈനികരെ ഏറെ ബുദ്ധിമുട്ടിലാക്കി.
ലോകത്തിലെ ഏറ്റവും ചെലവേറിയ യുദ്ധക്കപ്പല്‍
2017-ല്‍ സേവനമാരംഭിച്ച യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് നിര്‍മിക്കാന്‍ ഏകദേശം 13 ബില്യണ്‍ ഡോളറാണ് ചെലവായത്. ലോകത്തിലെ ഏറ്റവും ചെലവേറിയ യുദ്ധക്കപ്പലായ ഇത് 4,500-ത്തിലധികം നാവികരെ വഹിക്കാന്‍ ശേഷിയുള്ളതാണ്. 600-ത്തിലധികം ശൗചാലയങ്ങളും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും കപ്പലിലുണ്ട്. ജലസംരക്ഷണത്തിനായി ക്രൂയിസ് കപ്പലുകളില്‍ ഉപയോഗിക്കുന്നതുപോലുള്ള വാക്വം അധിഷ്ഠിത മലിനജല സംവിധാനമാണ് ഇതില്‍ ഉപയോഗിക്കുന്നത്.
